Site icon Janayugom Online

വേജ് കോഡ് അടക്കം മാറ്റങ്ങള്‍ ഇന്നു മുതല്‍

2022- 23 നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം ത്രിമാസ പാദം ആരംഭിക്കുന്ന ഇന്നുമുതല്‍ വേജ് കോഡ് ഉള്‍പ്പെടെ നിത്യജീവിതവുമായി ബന്ധപ്പെട്ട് നിരവധി മാറ്റങ്ങള്‍. വേജ് കോഡ് പ്രകാരം തൊഴില്‍ സമയത്തിലടക്കം മാറ്റങ്ങളുണ്ട്. അടിസ്ഥാന ശമ്പളം ആകെ ശമ്പളത്തിന്റെ 50 ശതമാനം ആകണം. ഇതോടെ ഗ്രാറ്റുവിറ്റി, പ്രൊവിഡന്റ് ഫണ്ട് എന്നിവിടങ്ങളിലേക്കുള്ള നിക്ഷേപം വര്‍ധിക്കും. നിലവില്‍ ആകെ ശമ്പളത്തിന്റെ 10 മുതല്‍ 40 ശതമാനം വരെയാണ് അടിസ്ഥാന ശമ്പളം കണക്കാക്കുന്നത്. പുതിയ നിയമ പ്രകാരം ആഴ്ചയില്‍ മൂന്ന് ദിവസം ആഴ്ച അവധി ലഭിക്കുമെങ്കിലും മറ്റ് നാല് പ്രവര്‍ത്തി ദിനങ്ങളില്‍ 10 മുതല്‍ 12 മണിക്കൂര്‍ വരെ ജോലി ചെയ്യേണ്ടി വരും. അധിക സമയം ജോലി ചെയ്യുന്നതിനുള്ള പരിധി 50 മണിക്കൂറില്‍ നിന്ന് 125 മണിക്കൂറായി ഉയര്‍ത്തും.

രാജ്യത്തുടനീളം കുറഞ്ഞ ഉപയോഗക്ഷമതയുള്ളതും ഉയര്‍ന്ന മലിനീകരണ സാധ്യതയുള്ളതും ഒറ്റത്തവണ ഉപയോഗിക്കുന്നതുമായ തെരഞ്ഞെടുത്ത പ്ലാസ്റ്റിക് വസ്തുക്കളുടെ നിര്‍മ്മാണം, ഇറക്കുമതി, സംഭരണം, വിതരണം, വില്‍പ്പന, ഉപയോഗം എന്നിവ രാജ്യത്ത് നിരോധിക്കും. പലതവണ കാലാവധി നീട്ടിനല്‍കിയ പാന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും തമ്മിലുള്ള ബന്ധിപ്പിക്കല്‍ ഇനിമുതല്‍ ചെലവേറും. ഇതിനോടകം ഈ നിര്‍ദേശം പാലിക്കാത്തവര്‍ക്ക് പിഴയിനത്തില്‍ കൂടുതല്‍ പണം നഷ്ടമാകും. പാന്‍— ആധാര്‍ ബന്ധിപ്പിക്കാനുള്ള പിഴ 500 രൂപയാണ്. എന്നാല്‍ ഇത് ഇന്നുമുതല്‍ 1,000 രൂപയായി വര്‍ധിപ്പിക്കുമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സ് അറിയിച്ചു. 

ആദായ നികുതി ചട്ടത്തിന് കീഴില്‍ പുതിയതായി അവതരിപ്പിച്ച 194-എസ് വകുപ്പ് ഇന്ന് പ്രാബല്യത്തില്‍ വരും. ക്രിപ്‌റ്റോ കറന്‍സി പോലെയുള്ള ഡിജിറ്റല്‍ ആസ്തികള്‍ വാങ്ങുന്നവര്‍ ഒരുശതമാനം സ്രോതസില്‍ നിന്നും ഈടാക്കുന്ന നികുതി (ടിഡിഎസ്) നല്‍കേണ്ടി വരും. ക്രിപ്‌റ്റോ കറന്‍സികളിലേയും എന്‍എഫ്ടി പോലുള്ള മറ്റ് ഡിജിറ്റല്‍ ആസ്തികളിലേയും വരുമാനത്തിനും ഏപ്രില്‍ 1 മുതല്‍ 30 ശതമാനം നികുത്തി ചുമത്തി തുടങ്ങിയിരുന്നു.

ഓഹരി ഇടപാടുകള്‍ നടത്തുന്നതിനുള്ള ഡീമാറ്റ് അക്കൗണ്ടിലെ കെവൈസി രേഖകള്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ഇന്നു മുതല്‍ അക്കൗണ്ട് മരവിപ്പിക്കും.റിസര്‍വ് ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് സേവനങ്ങളുമായി ബന്ധപ്പെട്ട് ഏപ്രില്‍ അവതരിപ്പിച്ച പുതിയ മാര്‍ഗനിര്‍ദേശങ്ങളും നിയമങ്ങളും ഇന്നുമുതല്‍ നടപ്പായി തുടങ്ങും. 21ാമത് ഇലക്ടറല്‍ ബോണ്ട് വില്പനയ്ക്കും ഇന്നുമുതല്‍ തുടക്കമാകും. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കുന്നതിനുള്ള കടപ്പത്രമാണ് ഇലക്ടറല്‍ ബോണ്ടുകള്‍. എസ്ബിഐ വഴി പത്തുവരെയാണ് വില്പന നടക്കുക. 

Eng­lish Summary:Changes includ­ing Wage Code from today
You may also like this video

Exit mobile version