പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പരിപാടികള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റ് വേണം എന്ന് നിര്‍ദേശം. നരേന്ദ്ര മോഡിയുടെ ഹിമാചല്‍ പ്രദേശ് സന്ദര്‍ശനം റിപ്പോര്‍ട്ട് ചെയ്യുന്നതിനാണ് എല്ലാ മാധ്യമപ്രവര്‍ത്തകരോടും പ്രവേശനത്തിനും സുരക്ഷാ പാസിനും വേണ്ടി സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ ആവശ്യപ്പെട്ടത്. അതേസമയം ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ് വന്‍ വിവാദത്തിന് വഴിവെച്ചിട്ടുണ്ട്.
സ്വകാര്യ ഉടമസ്ഥതയിലുള്ള പത്ര, ദൃശ്യ, ഡിജിറ്റല്‍ മാധ്യമപ്രവര്‍ത്തകരെ കൂടാതെ കേന്ദ്രസര്‍ക്കാരിന്റെ പ്രസാര്‍ ഭാരതിയ്ക്ക് കീഴിലുള്ള ഓള്‍ ഇന്ത്യ റേഡിയോയും (എഐആര്‍) ദൂരദര്‍ശനും ഉള്‍പ്പെടെയുള്ള മാധ്യമങ്ങളുടെ പ്രതിനിധികളോട് പോലും സ്വഭാവ പരിശോധന സര്‍ട്ടിഫിക്കറ്റ് കൊണ്ടുവരാനാണ് നിര്‍ദേശം. ഇതുമായി ബന്ധപ്പെട്ട് സെപ്റ്റംബര്‍ 29 ന് പൊലീസ് ഔദ്യോഗിക അറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. എല്ലാ മാധ്യമ പ്രതിനിധിമാരുടേയും ഫോട്ടോഗ്രാഫര്‍മാരുടെയും വീഡിയോഗ്രാഫര്‍മാരുടെയും ലിസ്റ്റും അവരുടെ സ്വഭാവ സര്‍ട്ടിഫിക്കറ്റ് സഹിതം നല്‍കാന്‍ ജില്ലാ പബ്ലിക് റിലേഷന്‍സ് ഓഫീസറോട് നിര്‍ദേശത്തില്‍ പറയുന്നു.
സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഒക്ടോബര്‍ 1‑നകം ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട്, സി ഐ ഡി, ബിലാസ്പൂര്‍ ഓഫീസില്‍ നല്‍കാവുന്നതാണ് എന്നും റാലിയിലോ മീറ്റിംഗിലോ ഉള്ള അവരുടെ പ്രവേശനം ഈ ഓഫീസ് ആണ് തീരുമാനിക്കുക എന്നുമാണ് അറിയിപ്പില്‍ പറയുന്നത്. സ്വഭാവ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്നും സുരക്ഷാ പാസുകള്‍ നല്‍കുന്നതിന് ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡുകള്‍ പോര എന്നുമാണ് ജില്ല പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ പറയുന്നത്.ഇത് എല്ലാവര്‍ക്കും ബാധകമാണ് എന്നും ഡി പി ആര്‍ ഒ കുല്‍ദീപ് ഗുലേറിയ പറഞ്ഞു.
എയിംസ് ക്യാമ്പസ് ഉദ്ഘാടനം ചെയ്യുന്നതിനൊപ്പം ഹിമാചലിലെ ബിലാസ്പൂരില്‍ ഒരു പൊതുയോഗത്തെയും മോദി അഭിസംബോധന ചെയ്യുന്നുണ്ട്. അതേസമയം തീരുമാനത്തില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസും ആം ആദ്മിയും രംഗത്തെത്തി.തന്റെ 22 വര്‍ഷത്തെ പത്രപ്രവര്‍ത്തന ജീവിതത്തില്‍ ഇതാദ്യമായാണ് ഇത്രയും വിചിത്രമായ ആവശ്യത്തിന് താന്‍ സാക്ഷ്യം വഹിക്കുന്നതെന്ന് എ എ പി വക്താവ് പങ്കജ് പണ്ഡിറ്റ് പറഞ്ഞു. സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന ആവശ്യം അപമാനകരവും മാധ്യമങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ തടയാനുള്ള ശ്രമവുമാണ് എന്നും പങ്കജ് പണ്ഡിറ്റ് പറഞ്ഞു.
English Summary: character certificate for journalists to cover Modi’s event; A strange suggestion
You may also like this video: