Site iconSite icon Janayugom Online

സെെഫര്‍ കേസില്‍ ഇമ്രാന്‍ ഖാനെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയേക്കും

സെെഫര്‍ കേസില്‍ പാകിസ്ഥാന്‍ മുന്‍ പ്രധാന മന്ത്രി ഇമ്രാന്‍ ഖാനെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയേക്കുമെന്ന് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. പാകിസ്ഥാന്റെ രഹസ്യവിവരങ്ങള്‍ രാഷ്ട്രീയവും വ്യക്തിപരവുമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചുവെന്നാണ് സൈഫർ കേസിൽ ഇമ്രാൻ ഖാനെതിരെയുള്ള ആരോപണം. ഇമ്രാന്‍ ഖാന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി അസം ഖാന്റെ കുറ്റസമ്മത പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഖ്വാജ ആസിഫിന്റെ പ്രഖ്യാപനം. കഴിഞ്ഞ വർഷം വാഷിംഗ്ടണിലേക്ക് പാകിസ്ഥാൻ പ്രതിനിധി അയച്ച നയതന്ത്ര രേഖ ഉപയോഗിച്ച് പ്രധാനമന്ത്രിയായിരുന്ന ഇമ്രാന്‍ ഖാന്‍ പ്രതിപക്ഷത്തിനെതിരെ ഒരു കത്ത് തയ്യാറാക്കിയെന്നാണ് അസം ഖാന്‍ കുറ്റസമ്മതം നടത്തിയത്. തന്നെ പുറത്താക്കാന്‍ യുഎസ് പദ്ധതി ആസൂത്രണം ചെയ്തുവെന്നുള്ള ആരോപണത്തിന് തെളിവായി ഇമ്രാന്‍ ഖാന്‍ പിന്നീട് ഉയര്‍ത്തിക്കാട്ടിയത് ഈ കത്തായിരുന്നുവെന്നും മൊഴിയിലുണ്ട്. രാഷ്ട്രീയ ആവശ്യങ്ങൾക്കായി നയതന്ത്ര രേഖ ഉപയോഗിച്ചതിന് ഇമ്രാന് 14 വര്‍ഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കും. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് തന്നെ അയോഗ്യനാക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് ഇമ്രാന്‍ ഖാന്‍ ആരോപിച്ചു.

അതേസമയം, ലാഹോർ കോർപ്‌സ് കമാൻഡർ ഹൗസ് ഉൾപ്പെടെയുള്ള സൈനിക സ്ഥാപനങ്ങൾക്ക് നേരെയുള്ള ആക്രമണത്തിന് പ്രേരിപ്പിച്ചതിന് ഇമ്രാൻ ഖാൻ കുറ്റക്കാരനാണെന്ന് സർക്കാർ തീവ്രവാദ വിരുദ്ധ കോടതിയെ അറിയിച്ചു. അഞ്ച് തീവ്രവാദ കേസുകളിലെ ഇമ്രാൻ ഖാന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു കോടതി. മേയ് ഒമ്പതിലെ കലാപത്തില്‍ പഞ്ചാബ് പൊലീസിന്റെ സംയുക്ത അന്വേഷണ സംഘം (ജെഐടി) അന്വേഷണം പൂർത്തിയാക്കിതായും തെളിവുകളുടെ ശേഖരണത്തിനായി ഇമ്രാന്റെ അറസ്റ്റ് ആവശ്യമാണെന്നും പ്രോസിക്യൂട്ടർ ഫർഹാദ് അലി ഷാ പറഞ്ഞു. ക്രമണത്തിന് മുമ്പ് ഇമ്രാന്‍ നടത്തിയ റാലിയില്‍ പാർട്ടി പ്രവർത്തകരെ സൈന്യത്തിനെതിരെ ആക്രമണം നടത്താന്‍ പ്രേരിപ്പിച്ചുവെന്നാണ് സര്‍ക്കാര്‍ വാദം. കനത്ത സുരക്ഷയിലാണ് ഇമ്രാന്‍ കോടതിയില്‍ ഹാജാരാക്കിയത്. ജാമ്യാപേക്ഷ ആഗസ്റ്റ് എട്ട് വരെ നീട്ടിയതായി എടിസി ലാഹോര്‍ കോടതി അറിയിച്ചു.

Eng­lish Sam­mury: Imran Khan may be charged with sedi­tion in Sefar case

Exit mobile version