അമേരിക്കയില്‍ ടേക്ക് ഓഫ് ശ്രമത്തിനിടെ ചാർട്ടർ വിമാനം തകര്‍ന്നു. ഏഴ് പേരാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. തിങ്കളാഴ്ച പുലർച്ചെയാണ് അപകമുണ്ടാകുന്നത്. ബാംഗോർ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. എട്ട് യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. അമേരിക്കയില്‍ അതിശക്തമായ ഹിമക്കാറ്റും മഞ്ഞുവീഴ്ചയും അനുഭവപ്പെടുന്നതിനാല്‍ വിമാന സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു. ഇതിനിടയിലാണ് ചാര്‍ട്ടര്‍ റൺവേയിലേക്ക് ഇടിച്ചിറങ്ങി തകരുന്നത്.
ബോംബാർഡിയർ ചലഞ്ചർ 600 വിമാനമാണ് അപകടത്തിൽപ്പെട്ടത്. ടേക്ക് ഓഫിന് ശ്രമിക്കുമ്പോൾ കാഴ്ചാ പരിമിതിയേക്കുറിച്ച് പൈലറ്റ് എയർ ട്രാഫിക് കൺട്രോളിനോട് പരാതിപ്പെട്ടിരുന്നു. ഇതിന് തൊട്ട് പിന്നാലെയാണ് വിമാനം റൺവേയിലേക്ക് ഇടിച്ചിറങ്ങി തലകീഴായി മറിഞ്ഞ് തീപ്പിടിച്ചത്. 11 പേർക്ക് വരെ സഞ്ചരിക്കാവുന്ന വിശാലമായ വിമാനമാണിത്. അപകടത്തിൽ നിന്ന് ഗുരുതര പരിക്കേറ്റ വ്യക്തി ക്യാബിൻ ക്രൂവിലെ അംഗമാണെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തിൽ ഫെഡറൽ ഏവിയേഷൻ അതോറിറ്റി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

