ഭക്ഷ്യ വിഷബാധ ഉണ്ടായ നെടുങ്കണ്ടത്തെ ഭക്ഷണ ശാലയില്‍ ഭക്ഷ്യ സുരക്ഷ വകുപ്പും പരിശോധന നടത്തി. പഴകിയ ഇറച്ചി കണ്ടെത്തി നശിപ്പിച്ചു. പീരുമേട്, ഇടുക്കി എന്നിവിടങ്ങളിലെ ഫുഡ് ആന്‍ഡ് സേഫ്റ്റി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പരിശോധനകള്‍ നടന്നത്. ജലം പരിശോധിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതും ഷവര്‍മ കടകള്‍ക്ക് വേണ്ട ഫുഡ് സേഫ്റ്റി ലൈസന്‍സ് ഇല്ലാത്തതും പരിശോധനയില്‍ കണ്ടെത്തിയിരുന്നു. എട്ട് ജീവനക്കാരില്‍ ആറുപേരുടെ ഹെല്‍ത്ത് കാര്‍ഡ് പുതുക്കിയിരുന്നില്ല. പഞ്ചായത്ത് ലൈസന്‍സ് ഇല്ലായിരുന്നു. വൃത്തിഹീനമായ ചുറ്റുപാട് തുടങ്ങിയ നിയമലംഘനങ്ങള്‍ കണ്ടെത്തിയതായി ഭക്ഷ്യസുരക്ഷ വിഭാഗം ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഈ പ്രശ്നങ്ങളെല്ലാം പരിഹരിച്ച ശേഷം ഫുഡ് സേഫ്റ്റി കമ്മീഷണറുടെ നിര്‍ദ്ദേശപ്രകാരം മാത്രമേ ഇനി കട തുറന്നു പ്രവര്‍ത്തിക്കുവാന്‍ അനുവദിക്കൂ.
ജനുവരി ഒന്നിന് നെടുങ്കണ്ടം ക്യാമല്‍ റെസ്ട്രോയില്‍ നിന്നും ഷവര്‍മ കഴിച്ച ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് ഭക്ഷ്യ വിഷബാധ ഏറ്റ സംഭവത്തിലാണ് ഭക്ഷ്യസുരക്ഷാ വിഭാഗം ഈ ഹോട്ടലില്‍ പരിശോധന നടത്തിയത്.പുതുവത്സര ദിനത്തില്‍ ഷവര്‍മ ഹോം ഡലിവറിയായി വാങ്ങിക്കഴിച്ച നെടുങ്കണ്ടം സ്വദേശി വിപിന്‍, മകന്‍ മാത്യു, വിപിന്റെ മാതാവ് ലിസി എന്നിവര്‍ക്കായിരുന്നു ഭക്ഷ്യവിഷബാധയേറ്റത്. ഭക്ഷ്യ വിഷബാധയേറ്റ മൂന്നംഗ കുടുംബത്തില്‍ ഒരാള്‍ക്ക് ഇന്നലെ വീണ്ടും ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിപിന്റെ അമ്മ ലിസിയെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
English Summary: Checked at the restaurant where the food poisoning occurred: Six of the eight employees had not renewed their health cards
You may also like this video