മൂന്ന് പതിറ്റാണ്ടായി ചെങ്കൊടി മാത്രം കൈയേന്തിയ ചേലക്കര നിയോജക മണ്ഡലം ഉപതെരഞ്ഞെടുപ്പിലും ചരിത്രം ആവര്‍ത്തിക്കാനൊരുങ്ങുന്നു. സംസ്ഥാന സർക്കാരിന്റെ ജനക്ഷേമ പദ്ധതികളുടെയും വികസന പ്രവർത്തനങ്ങളുടെയും ഗുണഫലങ്ങൾ നേരിട്ടറിഞ്ഞ ചേലക്കരയിലെ ജനങ്ങൾ ചേലക്കര മുൻ എംഎൽഎ കൂടിയായ യു ആർ പ്രദീപിലൂടെ ഇത്തവണയും എൽഡിഎഫിനൊപ്പം ഉറച്ചുനിൽക്കുമെന്നാണ് വിലയിരുത്തല്‍. ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് തരംഗം ആഞ്ഞടിച്ചപ്പോഴും ചേലക്കര നിയോജക മണ്ഡലത്തിൽ എൽഡിഎഫിനായിരുന്നു ഭൂരിപക്ഷം. കേന്ദ്ര ഏജൻസികളും ബിജെപിയും അവരോടൊപ്പം ചേർന്ന് കോൺഗ്രസും നടത്തിയ കള്ളപ്രചാരണങ്ങളൊന്നും എല്‍ഡിഎഫിന് ഏശിയില്ല.
1965 ല്‍ മണ്ഡലം രൂപീകരിക്കപ്പെട്ട നാള്‍തൊട്ട് പട്ടികജാതി സംവരണ മണ്ഡലമാണ് ചേലക്കര. രാധാകൃഷ്ണനെ കൂടാതെ നാല് തവണ ഇവിടെ നിന്ന് കോണ്‍ഗ്രസിന്റെ കെ കെ ബാലകൃഷ്ണനേയും ചേലക്കര വിജയിപ്പിച്ചിട്ടുണ്ട്. എങ്കിലും കഴിഞ്ഞ ആറ് തെരഞ്ഞെടുപ്പിലും ഇടതിനെ പുണര്‍ന്ന ചരിത്രമാണ് ചേലക്കരയ്ക്കുള്ളത്. മണ്ഡലത്തിലെ തദ്ദേശ സ്ഥാപനങ്ങളിലും കൂടുതല്‍ ഭരിക്കുന്നത് എല്‍ഡിഎഫാണ്. ഒമ്പത് പഞ്ചായത്തുകളില്‍ മൂന്ന് പഞ്ചായത്തിലൊഴികെ ആറിടത്തും എല്‍ഡിഎഫാണ് ഭരിക്കുന്നത്.
ബ്ലോക്ക് പഞ്ചായത്തിലും മുഴുവന്‍ ജില്ലാപഞ്ചായത്ത് ഡിവിഷനുകളിലും എല്‍ഡിഎഫ് തന്നെയാണ് അധികാരത്തില്‍. കോണ്‍ഗ്രസിന്റെ കെ കെ ബാലകൃഷ്ണനാണ് മണ്ഡലത്തിലെ ആദ്യ എംഎല്‍എ. പിന്നീട് 1970, 1977, 1980 വര്‍ഷങ്ങളിലും കോണ്‍ഗ്രസ് ജയിച്ചു. എന്നാല്‍ 1982 ല്‍ സി കെ ചക്രപാണിയിലൂടെ സിപിഎം മണ്ഡലം തിരിച്ചുപിടിച്ചു. 1987ല്‍ വീണ്ടും കോണ്‍ഗ്രസിലേക്ക് ചേലക്കര മാറി. 1991 ലും കോണ്‍ഗ്രസ് സീറ്റ് നിലനിര്‍ത്തി. 1996 ല്‍ കെ രാധാകൃഷ്ണനിലൂടെ സിപിഎം മണ്ഡലം പിടിച്ചെടുത്തു. തുടര്‍ന്ന് 2001, 2006, 2011, 2021 വര്‍ഷങ്ങളിലും രാധാകൃഷ്ണന്‍ തന്നെ ചേലക്കരയുടെ എംഎല്‍എയായി. 2016 ല്‍ രാധാകൃഷ്ണന്‍ മത്സരരംഗത്ത് പിന്മാറി യു ആര്‍ പ്രദീപ് സിപിഎം സ്ഥാനാര്‍ത്ഥിയായി. അപ്പോഴും മണ്ഡലം സിപിഎമ്മിനൊപ്പം തന്നെ നിന്നു.
സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ശക്തി തെളിയിച്ചുള്ള റോഡ് ഷോയിലൂടെയാണ് യു ആര്‍ പ്രദീപ് മണ്ഡലത്തില്‍ സാന്നിധ്യം അറിയിച്ചത്. എംഎല്‍എ ആയിരിക്കുമ്പോള്‍ ജനക്ഷേമ വികസന പ്രവർത്തനങ്ങളിലും നിറഞ്ഞുനിന്നിരുന്ന യു ആര്‍ പ്രദീപ് കൂടി എത്തിയതോടെ ചേലക്കരയില്‍ മത്സരരംഗം സജീവമായി. ചേലക്കര, കൊണ്ടാഴി, തിരുവില്വാമല, പഴയന്നൂർ, പാഞ്ഞാൾ, വള്ളത്തോൾ നഗർ, മുള്ളൂർക്കര, ദേശമംഗലം, വരവൂർ എന്നീ ഒമ്പത് പഞ്ചായത്തുകളാണ് ചേലക്കര മണ്ഡലത്തിൽ ഉൾപ്പെടുന്നത്. തെരഞ്ഞെടുപ്പ് വിഭാഗത്തിലെ 29 വരെയുള്ള കണക്ക് പ്രകാരം 2,11,211 വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്. ഇതിൽ 1,01,068 പുരുഷന്മാരും 1,10,140 സ്‌ത്രീകളും മൂന്ന് ട്രാൻസ്‌ജെന്‍ഡറുകളുമാണ്.