Site iconSite icon Janayugom Online

ഇനി പുറത്തിറങ്ങാൻ ആഗ്രഹിക്കുന്നില്ല; പുഷ്പയെ കൊല്ലാതിരുന്നതിൽ നിരാശയെന്നും ചെന്താമര

ഇനി ജയിലിന് പുറത്തിറങ്ങാൻ ആഗ്രഹിക്കുന്നില്ലെന്നും അയൽവാസിയായ പുഷ്പയെ കൊല്ലാതിരുന്നതിൽ നിരാശയെന്നും നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി
ചെന്താമര.തെളിവെടുപ്പിനായി പൊലീസ് കസ്റ്റഡിയിലിരിക്കെയാണ് കൂടുതൽ കാര്യങ്ങള്‍ ചെന്താമര വെളിപ്പെടുത്തിയത്. തന്റെ കുടുംബം തകരാൻ പ്രധാന കാരണക്കാരിലൊരാള്‍ അയൽവാസിയായ പുഷ്പയാണെന്നും താൻ പുറത്തിറങ്ങാതിരിക്കാൻ കൂട്ട പരാതി നൽകിയവരിൽ പുഷ്പയും ഉണ്ടെന്നും ചെന്താമര പൊലീസിനോട് പറഞ്ഞു.

ആലത്തൂര്‍ ഡിവൈഎസ്‍പി എൻ മുരളീധരന്റെ ചോദ്യം ചെയ്യലിലാണ് ചെന്താമരയുടെ വെളിപ്പെടുത്തൽ. പുഷ്പയെ ഇല്ലാതാക്കണമെന്ന് ആഗ്രഹിച്ചിരുന്നെങ്കിലും അത് നടന്നില്ലെന്നാണ് ചെന്താമരയുടെ വെളിപ്പെടുത്തൽ.നെൻമാറ ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമരയുമായി ഇന്ന് പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. കൊലപാതകം നടന്ന സ്ഥലത്തും പ്രതി ഓടി രക്ഷപ്പെട്ട പ്രദേശത്തുമാണ് തെളിവെടുപ്പ് നടത്തിയത്. നാട്ടുകാരുടെ പ്രതിഷേധം കണക്കിലെടുത്ത് കനത്ത സുരക്ഷയിലായിരുന്നു തെളിവെടുപ്പ്. 

നാളെ വൈകീട്ട് 3 മണി വരെയാണ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. നാളെയും തെളിവെടുപ്പ് തുടരും.
ഇന്ന് രാവിലെ 11 മണിയ്ക്കാണ് ചെന്താമരയെ വിയ്യൂർ ജയിലിൽ നിന്ന് ആലത്തൂർ കോടതിയിൽ എത്തിച്ചത്. കസ്റ്റഡിയിൽ വാങ്ങിയ ശേഷം പൊലീസ് പ്രതിയുമായി പോത്തുണ്ടിയിലെ ബോയൻ കോളനിയിലേക്കാണ് എത്തിയത്. കൊല നടത്തിയ സ്ഥലത്താണ് ആദ്യമെത്തിച്ചത്. അതിനുശേഷം വീട്ടിലേക്ക് പോയതും മലയിൽ പോയി ഒളിച്ചത് എങ്ങനെയാണെന്നത് ഉള്‍പ്പെടെ യാതൊരു കൂസലുമില്ലാതെയാണ് ചെന്താമര പൊലീസിന് വിശദീകരിച്ചുകൊടുത്തത്. 

Exit mobile version