Site iconSite icon Janayugom Online

സഞ്ചാരികളെ മാടി വിളിച്ച് ചേർമലയും, പൈങ്കുളവും

സഞ്ചാരികളെ ആകർഷിച്ച് പേരാമ്പ്രയിലെ ചേർമലയും പൈങ്കുളവും. പേരാമ്പ്ര പഞ്ചായത്തിലെ പ്രകൃതി സുന്ദരമായ പൈങ്കുളം പാടശേഖരം സഞ്ചാരികളെ ഏറെ ആകർഷിക്കുന്ന കാർഷിക സമൃദ്ധിയുടെ കേന്ദ്രമാണ്. ഗ്രാമപഞ്ചായത്തിലെ 16,17 വാർഡുകളിലായാണ് പാടശേഖരം സ്ഥിതി ചെയ്യുന്നത്. കാർഷിക വികസനത്തിനൊപ്പം ടൂറിസം വികസനത്തിനും ഏറെ സാധ്യതയുള്ള പ്രദേശമാണിവിടം.

പ്രദേശത്തെ പ്രധാന ജലസ്രോതസ്സായ നരിക്കിലാപുഴ, പൈങ്കുളംകാവ്, മുരുങ്ങൂര് താഴെ തോട് എന്നിവയും ചരിത്രം ഏറെ പറയാനുള്ള ചേർമല ചെങ്കൽ ഗുഹയും ചേരുമ്പോൾ കാഴ്ചകൾ സഞ്ചാരികൾക്ക് ഏറെ കൗതുകമുണർത്തും. കാർഷിക‑പരമ്പരാഗത മേഖലയെ സംയോജിപ്പിച്ചുകൊണ്ടുള്ള ടൂറിസം പദ്ധതിയാണ് ജനപ്രതിനിധികളും സാമൂഹ്യ‑സാംസ്ക്കാരിക പ്രവർത്തകരും ആഗ്രഹിക്കുന്നത്. സഞ്ചാരികൾക്ക് പാടശേഖരങ്ങളിലൂടെയുള്ള യാത്രയ്ക്കായി പാതകളും പ്രാഥമിക സൗകര്യങ്ങളും പരമ്പരാഗത കൈതൊഴിൽ വികസനം എന്നിവയും ഇതിനായി സാധ്യമാക്കേണ്ടതുണ്ട്.

ചേർമലയിൽ പ്രധാന ആകർഷകമായ നരിനഞ്ചയെന്ന ചെങ്കൽ ഗുഹ സന്ദർശനത്തിനായി നൂറുകണക്കിനാളുകൾ ഇപ്പോൾ ദിനംപ്രതി എത്തുന്നുണ്ട്. പുരാവസ്തു വകുപ്പ് ഗവേഷകർ ഏതാനും വർഷം മുമ്പ് ഗുഹ സന്ദർശിച്ച് ഗുഹയിൽ പരിശോധന നടത്തുകയും മണ്ണ് നീക്കം ചെയ്യുകയും ചെയ്തിട്ടുണ്ട്. ഉള്ളിലൂടെ സഞ്ചരിക്കാവുന്ന വിധത്തിലാണ് ഗുഹയിപ്പോഴുള്ളത്. ശിലായുഗ സംസ്കാരത്തിന്റെ അവശിഷ്ടങ്ങൾ ചേർമലയിലെ പരിശോധനയിൽ ലഭ്യമായിട്ടുണ്ട്. കൂടാതെ ഇതിഹാസങ്ങളുമായി ബന്ധപ്പെട്ട കഥകളും പ്രചാരത്തിലുണ്ട്. വാരാന്ത്യ സന്ദർശന ഇടമായി ഇത്തരം മേഖലകളെ വിപുലപ്പെടുത്താൻ കഴിയും.

കാർഷികാധിഷ്ഠിത ടൂറിസം സംസ്ക്കാരം വളർത്തുന്നതിനും ഇവിടം പ്രയോജനപ്പെടുത്താമെന്ന് പ്രദേശവാസികൾ പറയുന്നു. നരിക്കിലാപുഴയിൽ ബോട്ട് സർവ്വീസ് പദ്ധതികളും ആരംഭിക്കാവുന്നതാണ്. നീന്തൽക്കുളങ്ങൾക്ക് അനുയോജ്യമായ ജലാശയങ്ങളം പ്രദേശത്ത് ധാരാളമുണ്ട്. മൂല്യവർധിത മത്സ്യ ഉത്പന്നങ്ങളുടെ സംസ്ക്കരണവും വിതരണശൃംഖലയും രൂപപ്പെടുത്താനും ഇവിടം ഉപയോഗപ്പെടുത്താം. കാലഘട്ടത്തിനു യോജിച്ച കാർഷികസംസ്കാരം രൂപപ്പെടുത്താൻ അഗ്രിടെക് ഫെസിലിറ്റികേന്ദ്രവും തുടങ്ങാം.

You may also like this video also

Exit mobile version