Site icon Janayugom Online

ചെസ്സിന്റെ ലോകത്തേക്ക് വാതായനം തുറന്നു വച്ച് കല്ലാര്‍ സ്‌കൂള്‍

ചെസ്സ് കളിയില്‍ സംസ്ഥാനത്തെ ഏറ്റവും വലിയ പ്ലാറ്റ്‌ഫോം ഒരുക്കുകയാണ് കല്ലാര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍. ജില്ലയില്‍ ഏറ്റവുമധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന കല്ലാര്‍ സ്‌കൂളില്‍ മുഴുവന്‍ കുട്ടികളേയും ചെസ്സ് അഭ്യസിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ നൂതനമായ ഒരു പരിശീലന പദ്ധതിക്കാണ് തുടക്കമിടുന്നത്.  സ്‌കൂള്‍ പിറ്റിഎയും , സ്‌കൂള്‍ കായിക വിഭാഗവും ചേര്‍ന്ന് ഒരുക്കുന്ന പദ്ധതിയില്‍ സ്‌കൂളിലെ  2500 ഓളം വിദ്യാര്‍ത്ഥികള്‍ പങ്കാളികളാകും.  പഠിക്കുന്ന വിദ്യാലയത്തിലെ എല്ലാ ക്ലാസ്സ് മുറികളിലും ചെസ്സ് ബോര്‍ഡുകള്‍ സ്ഥിരമായി സ്ഥാപിക്കും.

സ്‌കൂള്‍ വരാന്തകളിലും ഹാളിലും നേരത്തേ വിദ്യാലയത്തിലെത്തുന്ന കുട്ടികള്‍ക്ക് കളിക്കാനായി ചെസ്സ് ബോര്‍ഡുകള്‍ സജ്ജമാക്കും. ബുദ്ധിശക്തിയും ഏകാഗ്രത വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം  കുട്ടികളുടെ ദുശീലങ്ങളും അഡിക്ഷനുകളും ഇല്ലാതാക്കുകയും പഠനത്തോടൊപ്പം അച്ചടക്ക ബോധമുള്ള വിദ്യാര്‍ത്ഥികളായി വളര്‍ത്തിയെടുക്കുകയെന്നതാണ് ലക്ഷ്യം. ഓരോ ഡിവിഷനിലും ഒരു മേശയില്‍ ചെസ്സ് ബോര്‍ഡുകള്‍ പതിപ്പിച്ചു കഴിഞ്ഞു. വിശ്രമവേളകളിലും ക്ലാസ്സ് സമയത്തിന് പുറത്തും കുട്ടികള്‍ക്ക് ചെസ്സ് കളിയിലേര്‍പ്പെടാം.

ഇതിന്റെ ഭാഗമായി സ്‌കൂളില്‍  മെഗ്ഗാ ചെസ്സ് മത്സരം നടന്നു.  സ്‌പോട്‌സ് കൗണ്‍സില്‍ അംഗവും മുന്‍ യൂണിവേഴ്‌സിറ്റി ചെസ്സ് ചാമ്പ്യനും പിറ്റിഎ പ്രസിഡന്റുമായ ടി എം ജോണ്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ എ എം ബന്നി അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍ കെ കെ യശോധരന്‍, കായികാധ്യാപകരായ റെയ്‌സണ്‍ പി ജോസഫ്, ഡോ. സജീവ് സി നായര്‍, പിറ്റിഎ വൈസ് പ്രസിഡന്റ് എം ബി ഷിജികുമാര്‍, സ്റ്റാഫ് സെക്രട്ടറി അബുജാക്ഷന്‍, എ എസ്  ഇസ്മയേല്‍, ജിജു പി എന്നിവര്‍ സംസാരിച്ചു.

Eng­lish Sum­ma­ry: chess game
You may also like this video

Exit mobile version