രാഹുലിനെതിരായ അപകീർത്തിക്കേസിൽ ഉത്തരവ് പുറപ്പെടുവിച്ച സൂറത്ത് കോടതിയിലെ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് എച്ച് എച്ച് വർമയെ ജില്ലാ ജഡ്ജിയാക്കി സ്ഥാനക്കയറ്റം നല്‍കാന്‍ സാധ്യത. സർവീസിലുള്ള സീനിയർ സിവിൽ ജഡ്ജിമാർക്ക് സ്ഥാനക്കയറ്റം നൽകുന്നതുമായി ബന്ധപ്പെട്ട പട്ടികയിലാണ് എച്ച് എച്ച് വര്‍മ്മയെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഇക്കഴിഞ്ഞ 23നാണ് രാഹുൽ ഗാന്ധിക്കെതിരായി എച്ച് എച്ച് വര്‍മ്മ രണ്ട് വര്‍ഷത്തെ ജയില്‍വാസവും 15,000 രൂപ പിഴയും വിധിച്ചത്. 68 പേരുടെ പട്ടികയിൽ 58-ാമതാണ് വർമ. 200ൽ 127 മാർക്കും ഉണ്ട്. അന്തിമ നിയമനവിജ്ഞാപനം ആയിട്ടില്ലെങ്കിലും വൈകാതെ ജില്ലാ ജഡ്ജിയായി സ്ഥാനക്കയറ്റം ഉണ്ടായേക്കും. രാഹുലിനെതിരായ ഉത്തരവിനുള്ള പാരിതോഷികമാണെന്നാണ് ഇതിനെ കോൺഗ്രസ് നേതൃത്വം വിമര്‍ശിച്ചത്.
‘എല്ലാ കള്ളന്മാരുടെ പേരിനൊപ്പവും ‘മോഡി’ എന്നു ചേര്‍ക്കുന്നത് എന്തുകൊണ്ടാണെന്ന’ രാഹുല്‍ ഗാന്ധിയുടെ പരാമർശത്തിന്റെ പേരിലാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് തടവുശിക്ഷ വിധിച്ചത്. ഗുജറാത്തിലെ ബിജെപി എംഎൽഎ പൂർണേശ് മോദി നൽകിയ അപകീർത്തി കേസിലായിരുന്നു സൂറത്ത് ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയുടെ വിധി. അപ്പീൽ നൽകാൻ 30 ദിവസത്തേക്ക് ശിക്ഷ സ്റ്റേ ചെയ്ത കോടതി, രാഹുലിനു 15,000 രൂപയുടെ ജാമ്യവും അനുവദിച്ചിരുന്നു. രണ്ട് വർഷമോ അതിലധികമോ ക്രിമിനല്‍ കേസില്‍ തടവുശിക്ഷ ലഭിച്ചാൽ ജനപ്രതിനിധിക്ക് അയോഗ്യത ബാധകമാകുന്ന ജനപ്രാതിനിധ്യ നിയമത്തിലെ 8(3) വകുപ്പു പ്രകാരം രാഹുൽ ഗാന്ധിക്ക് വയനാട് എംപി സ്ഥാനവും നഷ്ടമായിരുന്നു.
അതിനിടെ വിധിക്കെതിരെ ഇന്ന് സൂറത്ത് കോടതിയില്‍ രാഹുല്‍ ഗാന്ധി അപ്പീല്‍ നല്‍കിയിരുന്നു. ഹര്‍ജി പരിഗണിച്ച സെഷന്‍സ് കോടതി, രാഹുല്‍ ഗാന്ധിയുടെ ജാമ്യം ഏപ്രില്‍ 13 വരെ നീട്ടി. ശിക്ഷ മരവിപ്പിക്കണമെന്നും കുറ്റക്കാരനൊണെന്ന കണ്ടെത്തലും മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് അപ്പീല്‍. ഈ കേസ് മെയ് മൂന്നിന് പരിഗണിക്കും. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളോടൊപ്പം നേരിട്ടെത്തിയാണ് രാഹുല്‍ അപ്പീല്‍ നല്‍കിയത്.
English Sammury: Surat Chief Judicial Magistrate who convicted Rahul will be promoted District Judge