Site iconSite icon Janayugom Online

കേന്ദ്ര സര്‍ക്കാരിനോട് രൂക്ഷ ഭാഷയില്‍ ചീഫ് ജസ്റ്റീസ് ബി ആര്‍ ഗവായ് ;ഞാന്‍ വിരമിക്കാന്‍ കാത്തിരിക്കുകയാണോ, എങ്കില്‍ തുറന്നു പറയൂ

ഞാന്‍ വിരമിക്കാന്‍ കാത്തിരിക്കുകയാണോ നിങ്ങളെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ബി ആര്‍ ഗവായ്.2021 ലെ ട്രിബ്യൂണല്‍ പരിഷ്‌കരണ നിയമം ചോദ്യം ചെയ്യുന്ന ഹര്‍ജികള്‍ പരിഗണിക്കുമ്പോഴാണ് കേന്ദ്ര നിലപാടില്‍ ചീഫ് ജസ്റ്റിസ് കടുത്ത അതൃപ്തി പ്രകടിപ്പിച്ചത്. അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കിട്ടരമണിക്കു തിരക്കായതിനാല്‍ മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭാട്ടി അഭ്യര്‍ത്ഥിച്ചപ്പോഴാണ് ചീഫ് ജസ്റ്റിസ് ഈ ചോദ്യമുന്നയിച്ചത്. നിങ്ങള്‍ക്ക് ഈ കേസ് നവംബര്‍ 24 ന് ശേഷം പരിഗണിക്കണം എന്നാണെങ്കില്‍ അക്കാര്യം തുറന്നു പറഞ്ഞോളൂ എന്നും ചീഫ് ജസ്റ്റിസ് തുറന്നടിച്ചു. 

നവംബര്‍ 23 നാണ് ചീഫ് ജസ്റ്റിസ് ഗവായ് വിരമിക്കുന്നത്. കഴിഞ്ഞ ദിവസം ഈ കേസ് പരിഗണിച്ചപ്പോള്‍, വിഷയം ഭരണഘടനാ ബെഞ്ചിന് വിടണമെന്ന് അറ്റോര്‍ണി ജനറല്‍ ആവശ്യപ്പെട്ടപ്പോഴും ചീഫ് ജസ്റ്റിസ് അതൃപ്തി പ്രകടിപ്പിച്ചിരുന്നു.കേസില്‍ ഒരു ഭാഗത്തിന്റെ വാദം മുഴുവന്‍ പൂര്‍ത്തിയായശേഷം, ഭരണഘടനാ ബെഞ്ചിന് വിടണമെന്ന് ആവശ്യപ്പെടുന്നത് ഈ ബെഞ്ചിനെ ഒഴിവാക്കാന്‍ വേണ്ടിയല്ലേ എന്നു ചീഫ് ജസ്റ്റിസ് ചോദിച്ചിരുന്നു. 

ഫിലിം സര്‍ട്ടിഫിക്കറ്റ് അപ്പലേറ്റ് ട്രിബ്യൂണല്‍ ഉള്‍പ്പെടെ ചില അപ്പലേറ്റ് ട്രിബ്യൂണുകള്‍ ഒഴിവാക്കുകയും, ഇവയിലെ നിയമന വ്യവസ്ഥയില്‍ മാറ്റം വരുത്തുന്നതുമാണ് 2021 ലെ നിയമം. മദ്രാസ് ബാര്‍ അസോസിയേഷന്‍ ഉള്‍പ്പെടെയുള്ളവരാണ് നിയമം ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിച്ചത്.ഭരണഘടനാ ബെഞ്ചിനു വിടണമെന്ന് അറ്റോര്‍ണി ജനറല്‍ അഭ്യര്‍ത്ഥിച്ചപ്പോള്‍, കേന്ദ്രത്തിന്റെ ഹര്‍ജി തള്ളുമെന്നു വരെ ചീഫ് ജസ്റ്റിസ് പറഞ്ഞിരുന്നു. അറ്റോര്‍ണി ജനറലിന് അന്താരാഷ്ട്ര ആര്‍ബിട്രേഷനുമായി ബന്ധപ്പെട്ടുള്ള തിരക്കുള്ളതിനാല്‍ കേസ് തിങ്കളാഴ്ചത്തേക്ക് മാറ്റാമോയെന്നാണ് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ചോദിച്ചത്. അറ്റോര്‍ണിയെ കേസില്‍ കേട്ടതാണെന്നും, എന്തുകൊണ്ട് മറ്റൊരാള്‍ക്ക് കേന്ദ്രത്തെ പ്രതിനിധാനം ചെയ്തുകൂടായെന്നും കോടതി ചോദിച്ചു. വെള്ളിയാഴ്ച ഹര്‍ജിക്കാരുടെയും തിങ്കളാഴ്ച അറ്റോര്‍ണിയുടേയും വാദം കേള്‍ക്കാനും കോടതി തീരുമാനിച്ചു.

Exit mobile version