Site iconSite icon Janayugom Online

സിബിഐക്കെതിരെ രൂക്ഷവിമര്‍ശനവുമായി ചീഫ് ജസ്റ്റിസ്: വിശ്വാസ്യത നഷ്ടമായി

സിബിഐയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നുവെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്. സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷ (സിബിഐ)ന്റെ ചടങ്ങിൽ പ്രഭാഷണം നടത്തവെയാണ് ചീഫ് ജസ്റ്റിസ് എൻ വി രമണ രൂക്ഷവിമർശനമുന്നയിച്ചത്.

സിബിഐയുടെ പ്രവർത്തനങ്ങളും പ്രവർത്തനമില്ലായ്മയും വഴി അവരുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. സിബിഐക്ക് സാമൂഹിക സാധുതയും പൊതു വിശ്വാസവും തിരിച്ചുപിടിക്കണമെന്നുണ്ടെങ്കിൽ, ആദ്യം ഉദ്യോഗസ്ഥ ‑രാഷ്ട്രീയ സംവിധാനവുമായുള്ള അവിശുദ്ധ ബന്ധം തകർക്കണമെന്നും അദ്ദേഹം പറഞ്ഞു.

സിബിഐ ഉൾപ്പെടെയുള്ള ഏജൻസികളെ ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതിനായി സ്വയംഭരണ അവകാശമുള്ള സംവിധാനം ഉണ്ടാകണമെന്നും അതിന് നേതൃത്വം നൽകുന്നത് സ്വയംഭരണാധികാരമുള്ള ഒരു വ്യക്തിയായിരിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. “ജനാധിപത്യം: അന്വേഷണ ഏജൻസികളുടെ കടമയും ഉത്തരവാദിത്തങ്ങളും” എന്ന വിഷയത്തിലായിരുന്നു പ്രഭാഷണം.

അഴിമതി ആരോപണങ്ങളാൽ പൊലീസിന്റെ പ്രതിച്ഛായ മങ്ങുന്നുവെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. അധികാരം മാറുമ്പോൾ തങ്ങൾ പീഡിപ്പിക്കപ്പെടുന്നുവെന്ന് പറഞ്ഞ് പലപ്പോഴും പൊലീസ് ഉദ്യോഗസ്ഥർ ഞങ്ങളെ സമീപിക്കാറുണ്ട്. “രാഷ്ട്രീയ പ്രതിനിധികൾ കാലത്തിനനുസരിച്ച് മാറും. പക്ഷെ നിങ്ങൾ സ്ഥിരമാണ്”. അടിസ്ഥാന സൗകര്യങ്ങൾ, ജീവനക്കാർ, ആധുനിക ഉപകരണങ്ങൾ, തെളിവുകൾ ശേഖരിക്കുന്നതിനുള്ള ആധുനിക മാർഗങ്ങൾ തുടങ്ങിയവയുടെ അഭാവവും ഭരണകൂടത്തിലെ മാറ്റത്തിനനുസരിച്ചുള്ള മുൻഗണനാ വിഷയങ്ങളിലെ മാറ്റം, ഉദ്യോഗസ്ഥരുടെ ആവർത്തിച്ചുള്ള സ്ഥലംമാറ്റം എന്നിവയും അന്വേഷണ ഏജൻസികൾ അഭിമുഖീകരിക്കുന്ന വെല്ലുവിളികളാണെന്ന് അദ്ദേഹം പറഞ്ഞു. ഈ പ്രശ്നങ്ങൾ പലപ്പോഴും കുറ്റവാളികളെ വെറുതെ വിടുന്നതിലേക്കും നിരപരാധികളെ തടവിലാക്കുന്നതിലേക്കും നയിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Eng­lish Sum­ma­ry: Chief Jus­tice slams CBI for los­ing credibility

You may like this video also

Exit mobile version