Site icon Janayugom Online

കേന്ദ്രസർക്കാരിന്റെ നെല്ല് സംഭരണ ​​നയത്തിനെതിരെ തെലങ്കാന മുഖ്യമന്ത്രി

കേന്ദ്ര സര്‍ക്കാരിന്റെ വിള സംഭരണ നയത്തിനെതിരെ രാജ്യതലസ്ഥാനത്ത് ശക്തമായ പ്രതിഷേധവുമായി തെലങ്കാന മുഖ്യമന്ത്രി. കര്‍ഷകരെ തൊട്ടുകളിച്ചാല്‍ സര്‍ക്കാര്‍ അധികാരത്തില്‍ നിന്ന് പുറത്തുപോകേണ്ടിവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡിയോട് മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു താക്കീത് നല്‍കി.

സംസ്ഥാനത്ത് നിന്ന് നെല്ല് സംഭരിക്കുന്നതില്‍ 24 മണിക്കൂറിനുള്ളില്‍ തീരുമാനമെടുക്കണമെന്നും നിലപാട് വ്യക്തമാക്കിയില്ലെങ്കില്‍, രാജ്യവ്യാപക പ്രതിഷേധം നേരിടേണ്ടിവരുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ മുന്നറിയിപ്പ്.

കേന്ദ്ര സര്‍ക്കാരിനും ബിജെപിക്കുമെതിരെയുള്ള ശക്തമായ താക്കീതായി മാറുകയായിരുന്നു, തെലങ്കാന രാഷ്ട്രീയ സമിതി(ടിആര്‍എസ്)യുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ തെലങ്കാന ഭവന് മുന്നില്‍ സംഘടിപ്പിച്ച ധര്‍ണ.

“കര്‍ഷകരുടെ വികാരത്തെ തൊട്ടുകളിക്കരുത്, ഗവണ്‍മെന്റിനെ നിലംപരിശാക്കാനുള്ള ശക്തി അവര്‍ക്കുണ്ട്. കര്‍ഷകരെ ദുരിതത്തിലാഴ്ത്തിയ കാലത്തെല്ലാം സര്‍ക്കാരുകള്‍ അധികാരമൊഴിയേണ്ടിവന്നുവെന്നാണ് ചരിത്രം പറയുന്നത്”, അദ്ദേഹം ചൂണ്ടിക്കാട്ടി. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് സംഭരിക്കുന്നതുപോലെ തെലങ്കാനയില്‍ നിന്നും നെല്ല് സംഭരിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് മോഡിയോടും പിയൂഷ് ഗോയലിനോടും താന്‍ അപേക്ഷിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. മറുപടിക്കുവേണ്ടി 24 മണിക്കൂര്‍ കാത്തിരിക്കുമെന്നും അതിനുശേഷം ഞങ്ങള്‍ ഒരു തീരുമാനമെടുക്കുമെന്നും അദ്ദേഹം മോഡിയ്ക്ക് താക്കീത് നല്‍കി.

വിളകള്‍ക്ക് കുറഞ്ഞ താങ്ങുവില ലഭിക്കണമെന്നാണ് രാജ്യത്തെ കര്‍ഷകര്‍ ആവശ്യപ്പെടുന്നത്. അവര്‍ ഭിക്ഷക്കാരല്ല. വിളവെടുത്ത നെല്ല് സംഭരിക്കാത്ത കേന്ദ്ര സര്‍ക്കാരിനെതിരെ തെലങ്കാനയില്‍ കര്‍ഷകരുടെ പ്രതിഷേധം പുകയുകയാണെന്നും ചന്ദ്രശേഖര്‍ റാവു വ്യക്തമാക്കി.

2014ല്‍ തെലങ്കാനയില്‍ അധികാരത്തില്‍ വന്നതിനുശേഷം ടിആര്‍എസിന്റെ ആഭിമുഖ്യത്തില്‍ ഡല്‍ഹിയില്‍ നടന്ന ആദ്യത്തെ പ്രതിഷേധ പരിപാടിയായിരുന്നു ഇന്നലെ നടന്നത്. വര്‍ക്കിങ് പ്രസിഡന്റും മുഖ്യമന്ത്രിയുടെ മകനുമായ കെ ടി രാം റാവു, പാര്‍ട്ടിയുടെ എംപിമാര്‍, മന്ത്രിമാര്‍, എംഎല്‍സിമാര്‍, എംഎല്‍എമാര്‍ എന്നിവരെല്ലാം ധര്‍ണയില്‍ പങ്കെടുത്തു. ബികെയു നേതാവ് രാകേഷ് ടികായത്തും ധര്‍ണയില്‍ പങ്കെടുത്ത് പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.

സംസ്ഥാനത്ത് റാബി സീസണില്‍ വിളവെടുത്ത 15 ലക്ഷത്തോളം ടണ്‍ പുഴുങ്ങലരിയാണ് കേന്ദ്രം സംഭരിക്കാത്തതിനാല്‍ കെട്ടിക്കിടക്കുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചു. വിഷയം സംസാരിക്കുന്നതിനായി, സംസ്ഥാനത്തെ മന്ത്രിമാരും എംപിമാരും കാണാനെത്തിയപ്പോള്‍ മണിക്കൂറുകള്‍ കാത്തിരിക്കണമെന്നാണ് കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍ ആവശ്യപ്പെട്ടതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഉചിതമായ പെരുമാറ്റമായിരുന്നോ ഇതെന്നും കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത് ഗൗരവമായ നിലപാടാണോയെന്നും മുഖ്യമന്ത്രി ചോദിച്ചു.

“ജനങ്ങള്‍ക്കുവേണ്ടിയല്ല, ഗൂഢാലോചയ്ക്കുവേണ്ടിയുള്ള സര്‍ക്കാരാണ് കേന്ദ്രം ഭരിക്കുന്നത്. ആരെങ്കിലും അവര്‍ക്കെതിരെ സംസാരിച്ചാല്‍ സിബിഐ പോലുള്ള കേന്ദ്ര ഏജന്‍സികളെക്കൊണ്ട് നോട്ടീസ് അയപ്പിക്കുകയാണ് ചെയ്യുന്നത്”, അദ്ദേഹം കുറ്റപ്പെടുത്തി. രാജ്യത്ത് വ്യാപകമായി ഉപയോഗിക്കാത്തതിനാല്‍ തങ്ങള്‍ക്ക് പുഴുങ്ങലരി സംഭരിക്കാന്‍ സാധ്യമല്ലെന്നും പച്ചരി മാത്രമെ സംഭരിക്കൂവെന്നുമാണ് കേന്ദ്രത്തിന്റെ നിലപാട്.

Eng­lish summary;Chief Min­is­ter of Telan­gana oppos­es the Cen­tral Gov­ern­men­t’s pad­dy pro­cure­ment policy

You may also like this video;

Exit mobile version