Site iconSite icon Janayugom Online

സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ തുക ഇനിയും വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി

2021ല്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സംസ്ഥാനത്ത് കേന്ദ്രസര്‍ക്കാരിന്റെ വിവേചനപരമായ നയങ്ങള്‍ കാരണം വലിയ തോതിലുള്ള പണഞെരുക്കം അനുഭവപ്പെടുകയുണ്ടായി. ഇത് ഇപ്പൊഴും തുടരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍ പറഞ്ഞു.2016 ല്‍ അധികാരത്തില്‍ വന്ന സര്‍ക്കാര്‍ പശ്ചാത്തലസൗകര്യ വികസനത്തിനും ക്ഷേമ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നതിനും തുല്യ പ്രാധാന്യം നല്‍കുന്ന നയമാണ് സ്വീകരിച്ചത്.

മുടങ്ങിക്കിടന്ന വന്‍കിട പദ്ധതികളായ ദേശീയപാതാ വികസനം, ഗെയ്ല്‍ പൈപ്പ്ലൈന്‍, കൊച്ചി – ഇടമണ്‍ പവര്‍ഹൈവേ എന്നിവ ഏറ്റെടുക്കാനും സമയബന്ധിതമായി പൂര്‍ത്തീകരിക്കാനുമുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. സംസ്ഥാനത്തിന്‍റെ പശ്ചാത്തല സൗകര്യ വികസനത്തിന്‍റെ നാഴികക്കല്ലായ വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യമാവുകയാണ്. ആരോഗ്യ‑വിദ്യാഭ്യാസ മേഖലയിലും ഭവനരഹിതര്‍ക്കുള്ള ഭവനനിര്‍മ്മാണ പദ്ധതികള്‍ ആരംഭിക്കുന്നതിലും സര്‍ക്കാര്‍ വലിയ തോതിലുള്ള ഇടപെടലുകളാണ് നടത്തിയത്.

ഇതിനൊപ്പം ക്ഷേമപെന്‍ഷനുകള്‍ കാലാനുസൃതമായി വര്‍ദ്ധിപ്പിക്കാനും കൃത്യമായി വിതരണം ചെയ്യാനും സര്‍ക്കാരിനു സാധിച്ചു. സംസ്ഥാന ജീവനക്കാര്‍ക്ക് ശമ്പളപരിഷ്ക്കരണം നടപ്പിലാക്കാനും സാധിച്ചു. എന്നാല്‍, 2022 മാര്‍ച്ച് 31-ാം തീയതി കേന്ദ്ര ധനമന്ത്രാലയം സംസ്ഥാനത്തിന്‍റെ വായ്പാപരിധി മുന്‍കാല പ്രാബല്യത്തോടെ വെട്ടിച്ചുരുക്കുവാന്‍ എല്ലാ കീഴ്വഴക്കങ്ങളും ലംഘിച്ചുകൊണ്ട് തീരുമാനമെടുത്തു. കേരളത്തില്‍ സമാനതകളില്ലാത്ത വികസനം എല്ലാ നിയമസഭാ മണ്ഡലങ്ങളിലും മുന്നോട്ടു നീക്കാന്‍ സാധിച്ചത് സംസ്ഥാന സര്‍ക്കാര്‍ കിഫ്ബി വഴി നടത്തിയ ഇടപെടലുകളാണ് എന്ന കാര്യം ഈ സഭയിലുള്ള എല്ലാ ബഹുമാനപ്പെട്ട അംഗങ്ങള്‍ക്കും ബോധ്യമുള്ളതാണ്.

സംസ്ഥാന സര്‍ക്കാരിന്‍റെ തനതു റവന്യൂ വരുമാനത്തിന്‍റെ ഒരു നിശ്ചിത ശതമാനം കിഫ്ബിക്കായി നീക്കിവെച്ചുകൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ മേല്‍പ്പറഞ്ഞ ഇടപെടലുകള്‍ നടത്തിവരുന്നത്. എന്നാല്‍, കിഫ്ബിയും പെന്‍ഷന്‍ കമ്പനിയും എടുക്കുന്ന വായ്പകള്‍ സംസ്ഥാന സര്‍ക്കാരിന്‍റെ വായ്പയായി മുന്‍കാല പ്രാബല്യത്തോടെ പരിഗണിക്കുന്ന സമീപനം കേന്ദ്ര ധനമന്ത്രാലയം കൈക്കൊണ്ടത് സംസ്ഥാനത്തിന് 12,560 കോടി രൂപയുടെ വെട്ടിക്കുറവ് വായ്പാപരിധിയില്‍ ഉണ്ടായി. ഇതിനു പുറമെ, കിഫ്ബി എടുക്കുന്ന വായ്പയും പ്രതിവര്‍ഷ കടപരിധിയില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറച്ചുകൊണ്ടിരിക്കുകയാണ്.

ജനസംഖ്യാ നിയന്ത്രണത്തിലും പ്രതിശീര്‍ഷ വരുമാനത്തിലും കേരളം കൈവരിച്ച നേട്ടങ്ങള്‍, ധനകാര്യ കമ്മീഷന്‍റെ പുതിയ മാനദണ്ഡങ്ങള്‍ പ്രകാരം സംസ്ഥാനത്തിന് ദോഷകരമാകുന്ന സ്ഥിതിയാണുള്ളത്. അതിന്‍റെ പേരില്‍ കേരളത്തിന്‍റെ നികുതി വിഹിതം കുറയ്ക്കുന്ന സമീപനമാണ് ഇപ്പോള്‍ ഉണ്ടാകുന്നത്. മേല്‍പ്പറഞ്ഞ സാമ്പത്തിക ഉപരോധത്തിനൊപ്പം ധനകാര്യ കമ്മീഷനുകളില്‍ നിന്നും ലഭിക്കുന്ന നികുതിവിഹിതത്തിലും ക്രമാനുഗതമായ കുറവ് കഴിഞ്ഞ 25 വര്‍ഷക്കാലയളവില്‍ ഉണ്ടായിട്ടുണ്ട്.കഴിഞ്ഞ ഒരു ദശാബ്ദക്കാലത്തെ കാര്യം മാത്രം പറഞ്ഞാല്‍ പതിനാലാം ധനകാര്യ കമ്മീഷന്‍ അനുവദിച്ച 2.505 ശതമാനം നികുതി വിഹിതം പതിനഞ്ചാം ധനകാര്യകമ്മീഷന്‍റെ കാലയളവില്‍ 1.92 ശതമാനമായി കുറഞ്ഞു. 2020–21 ല്‍ 31,068 കോടി രൂപയായിരുന്ന കേന്ദ്ര സര്‍ക്കാര്‍ ഗ്രാന്‍റുകള്‍ 2023–24 ല്‍ 12,068 കോടി രൂപയായി കുറഞ്ഞു.

മൂന്നു വര്‍ഷക്കാലയളവില്‍ 19,000 കോടി രൂപയുടെ കുറവാണ് കേന്ദ്ര ഗ്രാന്‍റിനത്തില്‍ കുറവുണ്ടായിരിക്കുന്നത്.ഇതിനോടൊപ്പം പറയേണ്ട മറ്റൊരു കാര്യം കേന്ദ്രാവിഷ്കൃത പദ്ധതികള്‍ക്കുള്ള സഹായം കഴിഞ്ഞ ഒമ്പതു വര്‍ഷക്കാലയളവില്‍ വലിയ ഇടിവ് നേരിട്ടു എന്നതാണ്. മിക്ക പദ്ധതികള്‍ക്കും 75 ശതമാനം കേന്ദ്ര ഗ്രാന്‍റുകള്‍ ലഭ്യമായിരുന്നവയില്‍ നിന്നും 60 ശതമാനമായി മാറിയിട്ടുണ്ട്.ഐസിഡിഎസ് പോലുള്ള ചില പ്രധാന പദ്ധതികളില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്മാറുന്ന അവസ്ഥയുമുണ്ടായിട്ടുണ്ട്. ഈ പദ്ധതിയുടെ മുഴുവന്‍ ബാധ്യതയും സംസ്ഥാന സര്‍ക്കാര്‍ തന്നെ വഹിക്കണം.നെല്ല് സംഭരണം ഉള്‍പ്പെടെയുള്ള പ്രധാന പരിപാടികള്‍ക്കുള്ള ധനസഹായം ലഭിക്കുന്നതില്‍ വലിയ കാലവിളംബം നേരിടുകയും ചെയ്യുന്നുണ്ട്.

ബ്രാന്‍ഡിംഗിന്‍റെ പേരില്‍ കേന്ദ്രാവിഷ്കൃത പദ്ധതികള്‍ക്കുള്ള ധനസഹായം തടഞ്ഞുവെക്കുന്ന ഫെഡറല്‍ തത്വങ്ങള്‍ക്ക് നിരക്കാത്ത സമീപനവും കേന്ദ്രസര്‍ക്കാരിന്‍റെ ഭാഗത്തുനിന്നും ഉണ്ടായി.കേന്ദ്രത്തിന്‍റെ പ്രതികൂല സമീപനത്തിനിടയിലും സംസ്ഥാനം തനതു നികുതി വരുമാനം കഴിഞ്ഞ മൂന്നു വര്‍ഷക്കാലംകൊണ്ട് 56 ശതമാനം വര്‍ദ്ധിപ്പിച്ചതുകൊണ്ടാണ് സാമ്പത്തിക കാര്യത്തില്‍ അല്പമെങ്കിലും പിടിച്ചുനില്‍ക്കാനായത്. കടക്കെണി എന്ന ആക്ഷേപം ചിലര്‍ ഉന്നയിക്കുമ്പോഴും കേരളത്തിന്‍റെ കടം – ആഭ്യന്തര വരുമാന അനുപാതം 2020–21 ല്‍ 38.47 ശതമാനമായിരുന്നത് 2023–24 ല്‍ 33.4 ശതമാനമാക്കി കുറച്ചുകൊണ്ടുവരാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ട് എന്നതാണ് വസ്തുത.

എന്നാലും സമൂഹത്തിലെ വിവിധ വിഭാഗങ്ങള്‍ക്കുള്ള പല ക്ഷേമാനുകൂല്യങ്ങളും ലഭ്യമാക്കുന്നതില്‍ കുടിശ്ശിക ഉണ്ടായി എന്നത് ഒരു വസ്തുതയാണ്. ഇത് സംസ്ഥാന സര്‍ക്കാരിന്‍റെ നയങ്ങള്‍ കാരണം ഉണ്ടായതല്ല. ക്ഷേമാനുകൂല്യങ്ങള്‍ ജനങ്ങള്‍ക്ക് കൃത്യമായി വിതരണം ചെയ്യണമെന്ന കാര്യത്തില്‍ സര്‍ക്കാരിന് നിര്‍ബന്ധമുണ്ട്. അതുകൊണ്ട് ഈ കുടിശ്ശിക നിവാരണം ഒരു സമയബന്ധിത പരിപാടിയായി ഏറ്റെടുത്ത് നടത്താന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു.സാമൂഹ്യക്ഷേമ പെന്‍ഷനുകളുടെ വിഹിതത്തിലെ സിംഹഭാഗവും സംസ്ഥാന സര്‍ക്കാരാണ് വിതരണം ചെയ്യുന്നത്. 

നാമമാത്രമായ കേന്ദ്ര പെന്‍ഷന്‍ വിഹിതം ലഭിക്കുന്നത് ദേശീയ വാര്‍ദ്ധക്യകാല പെന്‍ഷന്‍, ദേശീയ വിധവാ പെന്‍ഷന്‍, ദേശീയ വികലാംഗ പെന്‍ഷന്‍ എന്നീ മൂന്ന് പദ്ധതികള്‍ക്കാണ്. ശരാശരി 6.8 ലക്ഷം പേര്‍ക്ക് മാത്രമാണ് കേന്ദ്ര ആനുകൂല്യം ലഭിക്കുന്നത്. ഇതാകട്ടെ, ശരാശരി 300 രൂപ മാത്രമാണ്. സംസ്ഥാന സര്‍ക്കാരിന്‍റെ സാമൂഹ്യസുരക്ഷാ പെന്‍ഷന്‍റെ ഗുണഭോക്താക്കള്‍ 62 ലക്ഷം വരും. കേന്ദ്ര സര്‍ക്കാര്‍ ആനുകൂല്യത്തിനുള്ള വരുമാനപരിധിയായി നിശ്ചയിച്ചിട്ടുള്ളത് പ്രതിവര്‍ഷം 25,000 രൂപയാണെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നിശ്ചയിച്ചിട്ടുള്ള വരുമാന പരിധി പ്രതിവര്‍ഷം ഒരു ലക്ഷം രൂപയാണ്.2016‑ല്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരമൊഴിയുമ്പോള്‍ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ലഭിച്ചിരുന്നവരുടെ ആകെ എണ്ണം 34,43,414 ആയിരുന്നു. ഇവര്‍ക്ക് 600 രൂപ വീതമാണ് പെന്‍ഷനായി നല്‍കി വന്നിരുന്നത്.

ഇതു തന്നെ 18 മാസം വരെ കുടിശ്ശികയായിരുന്നു എന്നത് ഏറെ ചര്‍ച്ചകള്‍ക്കിടയാക്കിയതാണ്. 2016‑ല്‍ വന്ന എല്‍ഡിഎഫ് സര്‍ക്കാരാണ് കുടിശ്ശിക മുഴുവന്‍ തീര്‍ത്ത് നല്‍കിയത്. ഇപ്പോഴാകട്ടെ, 62 ലക്ഷം പേര്‍ക്ക് സാമൂഹ് സുരക്ഷാ പെന്‍ഷന്‍ നല്‍കുന്നുണ്ട്. പെന്‍ഷന്‍ തുക ഘട്ടം ഘട്ടമായി ഉയര്‍ത്തി 1,600 രൂപയുമാക്കിയിട്ടുമുണ്ട്. ഇത് ഇനിയും വര്‍ദ്ധിപ്പിക്കുന്നതിനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.2011–16 ലെ യു.ഡി.എഫ് സര്‍ക്കാരിന്‍റെ കാലത്ത് സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ ഇനത്തില്‍ ആകെ 8,833.6 കോടി രൂപയാണ് നല്‍കിയതെങ്കില്‍ 2016–21 ലെ എല്‍.ഡി.എഫ് സര്‍ക്കാരിന്‍റെ കാലത്ത് 30,567.9 കോടി രൂപയാണ് ചെലവഴിച്ചത്. മുന്‍ യു.ഡി.എഫ് സര്‍ക്കാര്‍ 5 വര്‍ഷം കൊണ്ട് നല്‍കിയതിനേക്കാള്‍ 21,734.3 കോടി രൂപയാണ് 2016–21 കാലത്ത് എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികമായി വിതരണം ചെയ്തത്. ഈ സര്‍ക്കാരിന്‍റെ കാലത്ത് ഇതുവരെ 23,461.5 കോടി രൂപ സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ ഇനത്തില്‍ വിതരണം ചെയ്തിട്ടുണ്ട്.

ഇന്ത്യയിലെ ഏറ്റവും സമഗ്രമായ സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കുന്നത് കേരളത്തിലാണ്. ഇതിന്‍റെ 98 ശതമാനം വിഹിതവും കണ്ടെത്തുന്നത് സംസ്ഥാന സര്‍ക്കാര്‍ തന്നെയാണ്. സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ ഇനത്തില്‍ ലഭിക്കുന്ന നാമമാത്രമായ കേന്ദ്ര വിഹിതം, പെന്‍ഷന്‍ നല്‍കാന്‍ വേണ്ട തുകയുടെ വെറും 2 ശതമാനം മാത്രമാണ് എന്നതാണ് വസ്തുത. കടുത്ത പണഞെരുക്കം നിലനില്‍ക്കുമ്പോഴും സമൂഹത്തിലെ അവശജനവിഭാഗങ്ങളെ ചേര്‍ത്തുപിടിക്കുന്ന സമീപനമാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നത്.സംസ്ഥാനത്ത് വിതരണം ചെയ്യുന്ന സാമൂഹ്യസുരക്ഷാ പെന്‍ഷനുകളില്‍ ഉള്‍പ്പെടുന്ന ദേശീയ വാര്‍ദ്ധക്യകാല പെന്‍ഷന്‍, ദേശീയ വിധവാ പെന്‍ഷന്‍, ദേശീയ വികലാംഗ പെന്‍ഷന്‍ എന്നീ പെന്‍ഷനുകള്‍ക്കാണ് കേന്ദ്ര സഹായം ലഭിക്കുന്നത്. 79 വയസ്സുവരെയുള്ളവര്‍ക്കുള്ള വാര്‍ദ്ധക്യകാല പെന്‍ഷന്‍ തുകയായ 1,600 രൂപയില്‍ 200 രൂപ മാത്രമാണ് കേന്ദ്ര വിഹിതം. ഈ തുകയാകട്ടെ, 3.4 ലക്ഷം പേര്‍ക്ക് മാത്രമാണ് കേന്ദ്രം നല്‍കുന്നത്.

80 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കുള്ള കേന്ദ്ര വിഹിതം 500 രൂപയാണ്. ഇതാകട്ടെ, 1.16 ലക്ഷം പേര്‍ക്ക് മാത്രമാണ് ലഭിക്കുന്നത്. ദേശീയ വികലാംഗ പെന്‍ഷനില്‍ 66,928 ഗുണഭോക്താക്കള്‍ക്ക് 300 രൂപ വീതം മാത്രമാണ് കേന്ദ്ര വിഹിതമുള്ളത്. ദേശീയ വിധവാ പെന്‍ഷനില്‍ 300 രൂപ മാത്രമാണ് കേന്ദ്ര വിഹിതം. കേന്ദ്ര വിഹിതം കൃത്യമായി ലഭിക്കാത്ത സ്ഥിതിയാണ് നിലവിലുള്ളത്. 2024 മെയ് വരെ അനുവദിച്ചിട്ടുള്ള സാമൂഹ്യ സുരക്ഷാ പെന്‍ഷനുകളുടെ കേന്ദ്ര വിഹിതവും സംസ്ഥാന സര്‍ക്കാരാണ് നല്‍കിയത്. 2023 ജൂണ്‍ വരെയുള്ള കേന്ദ്ര വിഹിതം മാത്രമാണ് സംസ്ഥാനത്തിന് ലഭ്യമായിട്ടുള്ളത്. കേന്ദ്ര വിഹിതം യഥാസമയം ലഭിക്കാത്തതു മൂലമുള്ള അധിക ബാധ്യതയും സംസ്ഥാന സര്‍ക്കാര്‍ വഹിക്കേണ്ട സ്ഥിതിയാണുള്ളത്.

നിലവില്‍ സാമൂഹ്യക്ഷേമ പെന്‍ഷനുകളുടെ 5 ഗഡുക്കള്‍ കുടിശ്ശികയാണ്. പ്രതിമാസം 1,600 രൂപയാണ് സാമൂഹ്യക്ഷേമ പെന്‍ഷനായി വിതരണം ചെയ്യുന്നത്. 2024 മാർച്ച് മുതല്‍ നിലവിലെ പെന്‍ഷന്‍ കൃത്യസമയത്തു നല്‍കിവരികയാണ്. പണഞെരുക്കം കാരണമുണ്ടായ സാമൂഹ്യക്ഷേമ പെന്‍ഷന്‍ കുടിശ്ശിക ഗുണഭോക്താക്കള്‍ക്ക് 2024–25 സാമ്പത്തിക വര്‍ഷത്തില്‍ രണ്ടു ഗഡുക്കളും 2025–26 ല്‍ മൂന്നു ഗഡുക്കളും വിതരണം ചെയ്യാന്‍ ഉദ്ദേശിക്കുന്നു. സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ കുടിശ്ശിക തീര്‍ത്തും നല്‍കണമെന്ന കാര്യത്തില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. നിലവില്‍ ഈ ഇനത്തില്‍ 4,250 കോടി രൂപയാണ് കുടിശ്ശികയായുള്ളത്. 2024–25 സാമ്പത്തിക വര്‍ഷത്തില്‍ കുടിശ്ശികയുടെ ഭാഗമായി 1,700 കോടി രൂപ വിതരണം ചെയ്യും.

Eng­lish Summary
Chief Min­is­ter Pinarayi said that the gov­ern­men­t’s aim is to fur­ther increase the amount of social secu­ri­ty pension

You may also like this video:

Exit mobile version