Site iconSite icon Janayugom Online

അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മരണപ്പെട്ട സംഭവം; വേദനാജനകമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

ആലപ്പുഴ ദേശീയപാതയില്‍ കളര്‍കോട് വാഹനാപകടത്തില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മരണപ്പെട്ട സംഭവം അത്യന്തം വേദനാജനകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.ആലപ്പുഴ ഗവ. മെഡിക്കല്‍ കോളേജിലെ ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥികളായ കണ്ണൂര്‍ സ്വദേശി മുഹമ്മദ് അബ്ദുള്‍ ജബ്ബാര്‍, ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം, മലപ്പുറം സ്വദേശി ദേവാനന്ദന്‍, ആലപ്പുഴ സ്വദേശി ആയുഷ് ഷാജി, പാലക്കാട് സ്വദേശി ശ്രീദീപ് എന്നിവര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ചിലര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.

മരണപ്പെട്ടവരുടെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കു ചേരുന്നുവെന്നും അദ്ദേഹം പറഞ്ഞു.ആലപ്പുഴ കളർകോടാണ് ക‍ഴിഞ്ഞദിവസം ദാരുണ സംഭവമുണ്ടായത്. കെഎസ്ആർടിസി സൂപ്പർഫാസ്റ്റിലേക്ക് കാർ വന്ന് ഇടിക്കുകയായിരുന്നു. അപകടത്തില്‍പ്പെട്ട കാർ വെട്ടിപ്പൊളിച്ചാണ് യുവാക്കളെ ആശുപത്രിയിലേക്ക് എത്തിച്ചത്. ആലപ്പുഴ മെഡിക്കൽ കോളേജിലെ ഒന്നാം വര്‍ഷ വിദ്യാർത്ഥികളാണ് അപകടത്തില്‍പ്പെട്ടത്.

വാഹനാപകടത്തിൽ മരണപ്പെട്ട മെഡിക്കൽ വിദ്യാർഥികളുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂര്‍ത്തിയായി. ഉച്ചയ്ക്ക് മെഡിക്കൽ കോളേജിൽ പൊതുദർശനത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും. വിദ്യാർത്ഥികളിലൊരാൾ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. മരിച്ചവരിൽ ലക്ഷദ്വീപ് സ്വദേശിയുമുണ്ട്. കാലാവസ്ഥ മൂലം കാഴ്ച മങ്ങിയതാവാം അപകട കാരണമെന്നാണ് നിലവിലെ നിഗമനം. ഗുരുവായൂരിൽ നിന്ന് കായംകുളത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസുമായി കാർ കൂട്ടിയിടിക്കുകയായിരുന്നു.

Exit mobile version