തങ്ങളുടെ യാത്രക്കാര്‍ക്കായി ബജറ്റ് നിരക്കില്‍ ലോകോത്തര വിമാനത്താവള അനുഭവം നല്‍കാന്‍ തയ്യാറാകുകയാണ് കൊച്ചി അന്താരാഷട്ര വിമാനത്താവളം.സിയാലിന്റെ പുതിയ പദ്ധതി 0484 എയ്‌റോ ലോഞ്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഞായറാഴ്ച നാല് മണിക്ക് ടെര്‍മിനല്‍ രണ്ടില്‍ ഉദ്ഘാടനം ചെയ്യും.
യാത്രക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും താങ്ങാവുന്ന ചിലവില്‍ മണിക്കൂര്‍ നിരക്കില്‍ വ്യത്യസ്തമായ ഒരു എയര്‍പോര്‍ട്ട് അനുഭവം നല്‍കുകയാണ് 0484 എയ്‌റോ ലോഞ്ച് .
എറണാകുളത്തിന്റെ എസ്ടിഡി കോഡില്‍ തുടങ്ങുന്ന 0484 എയ്‌റോ ലോഞ്ച് കേരളത്തിന്റെ തനത് സൗന്ദര്യത്തെ വിളിച്ചോതുന്ന പാരമ്പര്യം,കല,കായലുകള്‍,ഭൂപ്രകൃതി,സസ്യജാലങ്ങള്‍ എന്നിവയെ സമന്വയിപ്പിക്കുന്നു. പ്രാദേശിക സംസ്‌ക്കാരത്തെ പ്രതിനിധാനം ചെയ്യുന്ന ഇവിടെ കുറഞ്ഞ ചെലവിലുള്ള താമസ സൗകര്യങ്ങളും നല്‍കുന്നു.
50,000 സ്‌ക്വയര്‍ ഫീറ്റില്‍ വ്യാപിച്ചു കിടക്കുന്ന ഈ സമുച്ചയത്തില്‍ 37 മുറികള്‍,4 സ്യൂട്ടുകള്‍,3 ബെഡ്‌റൂമുകള്‍,രണ്ട് കോണ്‍ഫറന്‍സ് ഹാളുകള്‍,ജോലി ചെയ്യാനുള്ള സ്ഥലം,ജിം,സ്പാ,ലൈബ്രറി,കഫെ ലോഞ്ച്,റസ്റ്റോറന്റുകള്‍ എന്നിവ ഉള്‍പ്പെടുന്നു.