കെട്ടിടഭാഗം തകർന്നുവീണ് അപകടമുണ്ടായ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വൈകുന്നേരം അഞ്ചുമണിയോടെ ആശുപത്രിയിലെത്തിയ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണ് അവലോകനയോഗം ചേർന്നത്. മന്ത്രിമാരായ വീണാ ജോർജും വി എൻ വാസവനും യോഗത്തിൽ പങ്കെടുത്തു. പിന്നാലെ സ്ഥിതിഗതികൾ വിലയിരുത്തിയശേഷം മുഖ്യമന്ത്രി മടങ്ങി.
വ്യാഴം രാവിലെ 10.30ഓടെയാണ് ആശുപത്രിയിൽ അപകടമുണ്ടായത്. ആശുപത്രിയുടെ പഴയ കെട്ടിടത്തിലെ 14-ാം വാർഡിന്റെ ശുചിമുറിയുടെ ഭാഗമാണ് ഇടിഞ്ഞുവീണത്. അപകടത്തിൽ തലയോലപ്പറമ്പ് ഉമ്മൻകുന്ന് മേപ്പത്ത്കുന്നേൽ ഡി ബിന്ദു (52)ആണ് മരിച്ചു. വയനാട് നേരങ്ങാടി വാഴവെറ്റപാക്കം പേരുത്താനത്ത് അലീന വിൻസെൻ്റിന് (11)പരിക്കേറ്റിരുന്നു.
അപകട സ്ഥലത്തെത്തിയപ്പോൾ തിക്കിലും തിരക്കിലുംപെട്ട് ജീവനക്കാരനായ കോട്ടയം വില്ലൂന്നി കറുത്തേടം അമൽ പ്രദീപിനും (21)നിസാര പരിക്കേറ്റിരുന്നു. മകളുടെ ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തിയതായിരുന്നു ബിന്ദു. തെരച്ചിലിനിടെ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽനിന്നാണ് ബിന്ദുവിനെ കണ്ടെത്തിയത്. അത്യാഹിതവിഭാഗത്തിലെത്തിച്ചെങ്കിലും ബിന്ദുവന്റെ ജീവൻ രക്ഷിക്കാനായില്ല.

