ഫെഡറല്‍ സംവിധാനം നോക്കുകുത്തിയാക്കുന്ന, പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിന്റെ സ്വേച്ഛാധിപത്യ നിലപാടില്‍ പ്രതിഷേധിച്ച് നിതി ആയോഗിന്റെ നിര്‍ണായക യോഗത്തില്‍ പങ്കെടുക്കാതെ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ എട്ട് മുഖ്യമന്ത്രിമാര്‍ വിട്ടുനിന്നു.
സംസ്ഥാന സര്‍ക്കാരുകളുടെ ഭരണ നേട്ടങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭരണ നേട്ടമായി ഉയര്‍ത്തിക്കാട്ടാന്‍ കേന്ദ്ര സര്‍ക്കാരും ബിജെപിയും നടത്തുന്ന നീക്കങ്ങളില്‍ പ്രതിപക്ഷ സംസ്ഥാനങ്ങളില്‍ നിന്നും കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. ഇതിനു പുറമെ ഗവര്‍ണര്‍മാരെ മറയാക്കി ഭരണത്തില്‍ ഇടപെടാന്‍ കേന്ദ്രം നടത്തുന്ന നീക്കങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് വെല്ലുവിളിയാണ്. ഈ സാഹചര്യങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് നിതി ആയോഗിന്റെ യോഗത്തില്‍ നിന്നും മുഖ്യമന്ത്രിമാര്‍ ഒഴിവായതെന്നത് ശ്രദ്ധേയമാണ്.
സംസ്ഥാന സര്‍ക്കാരിന്റെ വായ്പയെടുക്കാനുള്ള പരിധി വെട്ടിക്കുറച്ച കേന്ദ്ര സര്‍ക്കാരിന്റെ ഏകപക്ഷീയമായ തീരുമാനത്തില്‍ കേരളം കടുത്ത വിയോജിപ്പിലാണ്. രാജസ്ഥാന്‍ മുഖ്യമന്ത്രി ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം യോഗത്തില്‍ പങ്കെടുക്കുന്നതിന് തടസമുണ്ടെന്ന് അറിയിക്കുകയായിരുന്നു. ഡല്‍ഹി ഭരണ വിഷയത്തില്‍ സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവ് മറികടക്കാന്‍ കേന്ദ്രം കൊണ്ടുവന്ന ഓര്‍ഡിനന്‍സില്‍ പ്രതിഷേധിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നു.
കഴിഞ്ഞ യോഗത്തില്‍ സംസ്ഥാനം ഉയര്‍ത്തിയ ആവശ്യങ്ങളില്‍ ഒരു നടപടിയും കേന്ദ്രത്തിന്റെ ഭാഗത്തു നിന്നും ഉണ്ടാകാത്ത സാഹചര്യത്തിലാണ് യോഗത്തില്‍ പങ്കെടുക്കാത്തതെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മാന്‍ അറിയിച്ചു. എന്‍ഡിഎയില്‍ നിന്നും യുപിഎയില്‍ നിന്നും അകലം പാലിക്കുന്ന ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് മുന്‍ നിശ്ചയിച്ച പരിപാടികള്‍ മൂലമാണ് യോഗത്തില്‍ പങ്കെടുക്കാന്‍ കഴിയാത്തതെന്ന കാരണം മുന്നോട്ടുവച്ചു. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു, ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ എന്നിവരും യോഗത്തില്‍ നിന്നും വിട്ടു നിന്നു.
ബിജെപിക്കെതിരെ യോജിച്ചു പോരാട്ടം തുടരാനുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനത്തിന്റെ തുടര്‍ച്ചയാണ് നിതി ആയോഗ് യോഗം പ്രതിപക്ഷ പാര്‍ട്ടികള്‍ ഒഴിവാക്കിയതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.
English Summary;Chief Minister’s protest against dictatorial attitude
You may also like this video