നിന്നെ പ്രണയിക്കാൻ
തോന്നുമ്പോഴൊക്കെ ഞാൻ
അയലത്തെ വീട്ടിലെ
അമ്മിണിയേട്ടത്തിയുടെ
കെട്ടുപൊട്ടിച്ചോടുന്ന
പൂവാലിപ്പശുവാകും
കണ്ട പറമ്പിലൊക്കെ
കയറിമറിയും
വെണ്ടയും പാവലും ഒടിച്ചിടും
ഉണക്കാനിട്ടിരിക്കുന്ന കൊപ്രയും
മുളകും തട്ടിക്കളയും
പൊട്ടക്കിണറ്റിനടുത്തെത്തുമ്പോൾ
വക്കുപിടിച്ചു മാറി നടക്കും
കുട്ടിയും കോലും കളിക്കുന്ന
കുട്ടികളെ കണ്ടില്ലെന്ന് വയ്ക്കും
ഏറു കൊണ്ടാലും കയ്യാല ചാടിക്കടക്കും
കഴുത്തിലെ കയറിന്റെ ബാക്കി
മുട്ടിയും ഉരഞ്ഞും ഇഴഞ്ഞ്
കൂടെയെത്തും
കയ്യും കാലും കഴച്ച് വീട്ടിലെത്തുമ്പോൾ
പ്രണയം
പെട്ടെന്നു വന്ന പനി പോലെയങ്ങ്
തിരികെപ്പോകും
നിന്നെ പ്രണയിക്കാൻ
തോന്നുമ്പോഴൊക്കെ ഞാൻ
വെയിൽ വീണൊരു വഴിയാകും
ഇലകൾക്കിടയിൽ
തലനീട്ടുന്നൊരു പൂവാകും
ഇതളുകളിൽ നിന്റെ പേര്
നിരന്തരം കൊത്തിവയ്ക്കയാൽ
എന്റെ പേര് ഞാൻ
മറന്നേ പോകും
എന്നിട്ടും വെയ് ലൊളിയിൽ
ഞാനൊന്ന് വാടുമ്പോൾ
പ്രണയം,
പെട്ടെന്ന് വന്ന സൂര്യനൊപ്പം
പറയാതെയങ്ങ് പോകും
നിന്നെ പ്രണയിക്കാൻ
തോന്നുമ്പോഴൊക്കെ,
കാറ്റുലഞ്ഞ് ഞാനൊരു
പൂമരമാകും
ഇലകളെയും പൂക്കളെയും
കൊഴിച്ചിട്ട്
കിളികളെ പറത്തിവിട്ട്
ഉലഞ്ഞുലഞ്ഞങ്ങനെ പെയ്യും
ചില്ലകളൊക്കെ ശൂന്യമാകുമ്പോൾ
പ്രണയം കാറ്റിനൊപ്പം
വെറുതേയങ്ങ് പോകും
പ്രണയത്തിന്റെ താപമാപിനിയിൽ
മെർക്കുറിയെന്നും
നൂറ് ഡിഗ്രിയ്ക്കു മുകളിലായിരിക്കും
ചില പനിനേരങ്ങൾ
