Site icon Janayugom Online

കുട്ടികളെയും രക്ഷിതാക്കളെയും ദുരുപയോഗം ചെയ്യുന്നു; ബൈജൂസ് ആപ്പ് വീണ്ടും കുരുക്കില്‍

കോഴ്സുകള്‍ വാങ്ങാന്‍ പ്രേരിപ്പിച്ച്‌ രക്ഷിതാക്കളെയും കുട്ടികളെയും ദുരുപയോഗം ചെയ്യുന്നുവെന്ന ആരോപണത്തില്‍ എഡ്ടെക് ആപ്ലിക്കേഷനായ ബൈജൂസിന്റെ സിഇഒ ബൈജു രവീന്ദ്രന് ദേശീയ ബാലാവകാശ സംരക്ഷണ കമ്മിഷന്റെ സമന്‍സ്. ഈ മാസം 23ന് ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഉപഭോക്താക്കളുടെ സമ്പാദ്യവും ഭാവിയും അപകടത്തിലാക്കിയെന്നും ചൂഷണം ചെയ്യുകയും വഞ്ചിക്കുകയും ചെയ്തുവെന്നും ആരോപിച്ച്‌ നിരവധി പരാതികള്‍ ബൈജൂസ് നേരിടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

2005 ലെ ബാലാവകാശ സംരക്ഷണ നിയമത്തിലെ 13, 14 വകുപ്പുകള്‍ പ്രകാരം മാതാപിതാക്കളെയോ കുട്ടികളെയോ വായ്പാ അധിഷ്ഠിത കരാറുകളില്‍ ഉള്‍പ്പെടുത്തുകയും പിന്നീട് അവരെ ചൂഷണം ചെയ്യുകയും ചെയ്യുന്നത് കുട്ടികളുടെ ക്ഷേമത്തിന് എതിരാണെന്ന് കമ്മിഷന്‍ നിരീക്ഷിച്ചു.

വിദ്യാര്‍ത്ഥികള്‍ക്കായി ബൈജൂസ് നടത്തുന്ന എല്ലാ കോഴ്സുകളുടെയും വിശദാംശങ്ങള്‍, ഈ കോഴ്സുകളുടെ ഘടന, ഫീസ് വിശദാംശങ്ങള്‍, ഓരോ കോഴ്സിലും നിലവില്‍ എന്‍റോള്‍ ചെയ്തിരിക്കുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം, റീഫണ്ട് പോളിസി എന്നിവ സഹിതം നേരിട്ട് ഹാജരാകാനാണ് കമ്മിഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സാധുതയുള്ള എഡ്ടെക് കമ്പനിയായി ബൈജൂസിനെ അംഗീകരിച്ചതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സമര്‍പ്പിക്കാനും കമ്മിഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Eng­lish Summary:child and par­ent tor­ture through byjus app
You may also like this video

Exit mobile version