തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്നും കാണാതായ 13 കാരി ആസാം സ്വദേശിനി തസ്മീത് കന്യാകുമാരിയിലെന്ന് സ്ഥിരീകരണം. പുലർച്ചെ 5.30 ന് സമീപത്തെ ഓട്ടോഡ്രൈവർമാർ കുട്ടിയെ കണ്ടതായി പൊലീസിന് വിവരം നൽകി. കന്യാകുമാരി ബീച്ചിന് സമീപത്തുള്ള ഓട്ടോ ഡ്രൈവർമാരാണ് കുട്ടിയെ കണ്ടത്. പൊലീസിന്റെ ആദ്യസംഘം കന്യാകുമാരിയിലെത്തി. കുട്ടിയെ കാണാതായിട്ട് ഇപ്പോൾ 21 മണിക്കൂർ പിന്നിട്ടിരിക്കുകയാണ്. ഇന്നലെ ഉച്ചയ്ക്ക് ബെംഗളൂരു-കന്യാകുമാരി ട്രെയിനിലാണ് കുട്ടി കന്യാകുമാരിയിലേക്ക് പോയത്. കുട്ടി കന്യാകുമാരിയിലേക്കുള്ള ട്രെയിനിൽ യാത്ര ചെയ്തുവെന്ന് യാത്രക്കാരി ബവിത അറിയിച്ചിരുന്നു. രാവിലെ 10 മണിയോടുകൂടി കഴക്കൂട്ടത്ത് നിന്നും കുട്ടിയുടെ അമ്മയുമായി പിണങ്ങി ഇറങ്ങിയതായിരുന്നു കുട്ടി.
തമ്പാനൂരിൽ നിന്നാണ് ട്രെയിനിൽ കയറിയത്. കുട്ടി ട്രെയിനിൽ ഇരുന്ന് കരയുന്നത് കണ്ടാണ് യാത്രക്കാരിയായ ബവിത ഫോട്ടോ എടുത്തത്. ഫോട്ടോ എടുക്കുന്നത് കണ്ടതോടെ കുട്ടി കരച്ചിൽ നിർത്തുകയും ചെയ്തു. ചിത്രം മാതാപിതാക്കൾ സ്ഥിരീകരിച്ചു. കന്യാകുമാരി എസ്പിയുമായി തിരുവനന്തപുരം ഡിസിപി ഫോണിൽ സംസാരിച്ചു. ഒരു വനിതാ എസ്‌ഐ ഉൾപ്പെടെ കന്യാകുമാരിയിലേക്ക് പോകും. ഇന്നലെ അമ്മ വഴക്കു പറഞ്ഞതിനെ തുടര്‍ന്ന് 13കാരി വീടുവിട്ടിറങ്ങിയത്. ഇടയ്ക്ക് ഇതുപോലെ വഴക്കിട്ട് പുറത്തുപോകുന്ന സാഹചര്യമുണ്ടായിട്ടുണ്ടെന്ന് കുട്ടിയുടെ മാതാവ് പറയുന്നു. 50 രൂപ മാത്രമാണ് കുട്ടിയുടെ പക്കലുള്ളതെന്നാണ് മാതാപിതാക്കള്‍ പറയുന്നത്.
അതിനിടെ തസ്മീതിനെ ട്രെയിനിൽ നിന്നും പാലക്കാട് വച്ച് കണ്ടെത്തിയതായി സംശയം. ഇതിനെത്തുടര്‍ന്ന് പൊലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരുന്നു.