Site iconSite icon Janayugom Online

വീട്ടില്‍ നിന്ന് പിണങ്ങിയിറങ്ങിയ കുട്ടിയെ ലോഡ്ജിലേക്ക് കൂട്ടിക്കൊണ്ടുപോയി, അച്ഛനുംമകളുമെന്ന് പരിചയപ്പെടുത്തി: പൊലീസിന്റെ ഇടപെടലില്‍ കുട്ടിയെ രക്ഷപ്പെടുത്തി

ലോഡ്ജുകളും ഹോട്ടലുകളും കേന്ദ്രീകരിച്ച് വെള്ളിയാഴ്ച രാത്രി നഗരത്തില്‍ പോലീസ് നടത്തിയ മിന്നല്‍ പരിശോധനക്കിടെ തടങ്കലില്‍ പാര്‍പ്പിച്ച പെണ്‍കുട്ടിയെ കണ്ടെത്തി മോചിപ്പിച്ചു. വീട്ടില്‍ നിന്നും പിണങ്ങിയിറങ്ങി റെയില്‍വേ സ്റ്റേഷനിലെത്തിയ കുട്ടിയെ സഹായം നല്‍കാമെന്ന് പറഞ്ഞ് ലോഡ്ജിലേക്ക് കൂട്ടിക്കൊണ്ടുപോയി മുറിയിലിട്ട് പൂട്ടുകയായിരുന്നു. കേസില്‍ മലപ്പുറം തിരൂരങ്ങാടി മമ്പുറം നെച്ചിക്കാട്ട് വീട്ടില്‍ ഉസ്മാന്‍ (53)നെ ടൗണ്‍ പോലീസ് അറസ്റ്റു ചെയ്തു.
റെയില്‍വേ സ്റ്റേഷനടുത്തുള്ള ലോഡ്ജില്‍ നടത്തിയ പരിശോധനയില്‍ പൂട്ടിക്കിടക്കുന്ന മുറി ശ്രദ്ധയില്‍ പെടുകയും ലോഡ്ജ് അധികൃതരെ വിളിച്ചു വരുത്തി തുറക്കുകയുമായിരുന്നു. ഈ സമയത്ത് മുറി പൂട്ടി പുറത്തുപോയ ഉസ്മാന്‍ തിരിച്ചുവന്ന ശേഷം പിടികൂടുകയും ചെയ്തു. പിതാവും മകളുമാണെന്നായിരുന്നു ഉസ്മാന്‍ ലോഡ്ജ് അധികൃതരോട് പറഞ്ഞത്. പെണ്‍കുട്ടിയെ ജുവനൈല്‍ ഹോമിലേക്ക് മാറ്റിയിട്ടുണ്ട്.

റെയ്ഡില്‍ വിവിധ വിഭാഗങ്ങളിലെ 112 പേരെ പിടികൂടി. 10 പിടികിട്ടാപുള്ളികളും പന്തീരങ്കാവ് കൊലപാതക കേസിലെ പ്രതിയായ മന്‍ജിത്, പോക്‌സോ കേസിലെ പ്രതിയായ ഷാമില്‍ തുടങ്ങിയവരുള്‍പ്പെടെ 24 വാറണ്ട് കേസ് പ്രതികളും പിടിയിലായവരില്‍ ഉള്‍പ്പെടും. മദ്യപിച്ചു വാഹനം ഓടിച്ചതിന് 22 പേരും കഞ്ചാവ് ഉപയോഗിച്ചതിന് 29 പേരും പോലീസിന്റെ വലയിലായി.
നഗരത്തിലെ മുഴുവന്‍ അസിസ്റ്റന്റ് കമമീഷണര്‍മാരേയും എസ് എച്ച് ഒമാരുടേയും എസ് ഐ മാരുടേയും പ്രത്യേക സ്‌ക്വാഡുകളെ നിയോഗിച്ചാണ് മിന്നല്‍ പരിശോധന നടത്തിയിരുന്നത്. സിറ്റി പോലീസ് കമ്മീഷണര്‍ എ അക്ബര്‍, ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ഡോ. എ ശ്രീനിവാസ് റെയ്ഡിന് നേതൃത്വം നല്‍കി.

Eng­lish Sum­ma­ry: Child res­cued in police check­ing in lodge

You may also like this video also

Exit mobile version