Site icon Janayugom Online

ലൈംഗിക പീഡനത്തിന് ഇരയായ കുട്ടിക്ക് കൗൺസിലറുടെ സേവനം ഉറപ്പാക്കണം: സുപ്രീംകോടതി

ലൈംഗിക പീഡനത്തിന് ഇരയായ കുട്ടി ആഘാതത്തിൽ നിന്നും കരകയറാൻ ലീഗൽ സർവീസസ് അതോറിറ്റികൾ പരിശീലനം നേടിയ കൗൺസിലറുടെയോ മനശാസ്ത്രജ്ഞരുടെയോ സഹായം ഉറപ്പാക്കണമെന്ന് സുപ്രീം കോടതിയുടെ നിര്‍ദ്ദേേശം. കുട്ടികൾക്ക് വിദ്യാഭ്യാസം അതത് സംസ്ഥാനങ്ങൾ ഉറപ്പാക്കണമെന്നും ജസ്റ്റിസുമാരായ അഭയ് എസ്.ഓക, പങ്കജ് മിത്തൽ എന്നിവരുടെ ബെഞ്ച് പറഞ്ഞു. സാമൂഹിക സാഹചര്യങ്ങൾ ഇരയുടെ പുനരധിവാസത്തിന് അനുകൂലമാകണമെന്നില്ലെന്ന കാര്യം ബെഞ്ച് നിരീക്ഷിച്ചു. ലൈംഗിക പീഡനത്തിന്റെ കാര്യത്തിൽ സാമ്പത്തിക സഹായം മാത്രം മതിയാകില്ല. കേന്ദ്ര സർക്കാറിന്റെ ‘ബേട്ടി ബചാവോ ബേട്ടി പഠാവോ’ കാമ്പയിനിൽ ഇത്തരം പെൺകുട്ടികളുടെ പുനരധിവാസവും ഉൾപ്പെടുത്തണമെന്ന് കോടതി പറഞ്ഞു.

പെൺകുട്ടിയെ ബലാത്സംഗത്തിനിരയാക്കിയ ആളുടെ ജീവപര്യന്തം തടവ് 12 വർഷമാക്കി കുറച്ച രാജസ്ഥാൻ ഹൈകോടതിയുടെ ഉത്തരവ് ചോദ്യം ചെയ്ത് രാജസ്ഥാൻ സർക്കാർ സമർപ്പിച്ച ഹരജി തീർപ്പാക്കവെയാണ് കോടതി ഈ കാര്യങ്ങൾ പറഞ്ഞത്. കുറ്റവാളി ഇളവില്ലാതെ 14 വർഷം തടവുശിക്ഷ അനുഭവിക്കണമെന്ന് സുപ്രീംകോടതി വിധിച്ചു.

Eng­lish Summary:Child vic­tims of sex­u­al abuse should be pro­vid­ed coun­sel­lor: Supreme Court

You may also like this video

Exit mobile version