Site iconSite icon Janayugom Online

മിന്നുന്ന പ്രകടനം കാഴ്ച വെച്ച് ജൂഡോ ചാമ്പ്യൻ ഷിപ്പിൽ കുട്ടികൾ

judojudo

മത്സരം ആരംഭിച്ച് ഏതാനും സെക്കന്റുകൾക്കുള്ളിൽ എതിരാളിയെ നിലംപരിശാക്കിയതോടെ മിന്നും താരമായി പവിത്ര സന്തോഷ്. കൊല്ലത്ത് നടന്നു വരുന്ന സംസ്ഥാന സ്കൂൾസ്‌ ജൂഡോ ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ സബ് ജൂണിയർ 44 കിലോ വിഭാഗത്തിൽ ഫൈനൽ മത്സരത്തിലാണ് പവിത്ര മിന്നും പ്രകടനം കഴ്ച വെച്ചത്. ഫൈനൽ മത്സരം ആരംഭിച്ച് അഞ്ച് സെക്കൻഡുകൾ കൊണ്ട് ചടുലമായ നീക്കം നടത്തി പവിത്ര എതിരാളിയായ തൃശൂരിന്റെ വൈഗയെ മലർത്തിയടിച്ച് സ്വർണ്ണം നേടി. ഇതോടെ ജൂറിയുടെയും കാണികളുടെയും മുക്തകണ്ഠം പ്രശംസയും ഏറ്റുവാങ്ങി.

വേഗതയും, കരുത്തും, ബുദ്ധിയും ഒന്നുപോലെ സമന്വയിപ്പിച്ച് ആദ്യ മിനിട്ടുകൾക്കുള്ളിൽ തന്നെ എതിരാളിയെ തറപറ്റിക്കുന്ന നെടുങ്കണ്ടം ജൂഡോ അക്കാദമിയുടെ മുൻ താരവും ഇന്റ‍ര്‍നാഷണൽ ജൂഡോ താരമായ പി ആർ അശ്വതിയുടെ അതേ നീക്കം പവിത്ര നടത്തി വിജയിച്ചു കയറിയതോടെ അശ്വതിയുടെ പിൻഗാമിയായി മാറി പവിത്ര സന്തോഷ്. കല്ലാർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് പവിത്ര. നെടുങ്കണ്ടം ആലയത്തു തെക്കേതിൽ സന്തോഷ് ‑അനീറ്റ ദമ്പതികളുടെ മകളാണ്‌. ജൂഡോ സംസ്ഥാന താരം നക്ഷത്ര സന്തോഷ് സഹോദരിയാണ്. സബ് ജൂനിയർ വിഭാഗത്തിൽ തന്നെ കല്ലാർ സ്കൂളിലെ പാർവ്വതി പി നായർ 32 കിലോ താഴെ വിഭാഗത്തിൽ സ്വർണ്ണ മെഡലും, 36 കിലോ താഴെ വിഭാഗത്തിൽ എലൈൻ വെള്ളി മെഡലും നേടി.

മത്സരിച്ച ആദ്യ സ്ക്കൂൾ ജൂഡോ ചാമ്പ്യൻഷിപ്പിൽ തന്നെ വെളളി മെഡൽ നേടിയതോടെ ഭാവിയുടെ പ്രതീക്ഷയായിരിക്കുകയാണ് എലൈൻ. മുൻവർഷങ്ങളിൽ നടന്ന വിവിധ സംസ്ഥാന ജൂഡോ മത്സരങ്ങളിൽ അടക്കം നിരവധി സ്വർണ്ണ സഹിതം മെഡലുകൾ കരസ്ഥമാക്കിയ താരമാണ് പാർവ്വതി. നെടുങ്കണ്ടം ജൂഡോ അക്കാഡമിയുടെ മുഖ്യ പരിശീലകൻ ടോണിലീ യുടെ കീഴിലാണ് മൂവരും പരിശീലനം നേടുന്നത്‌. സൈജു ചെറിയാനും, ഹാരിഷ് വിജയനും സഹപരിശീലകരാണ്.

Eng­lish Sum­ma­ry: Chil­dren in the Judo Cham­pi­onship with a bril­liant performance

You may also like this video

Exit mobile version