നാല് മാസം പ്രായമുള്ള ആരുഷിന് ചുറ്റും ഇരുട്ട് മാത്രമാണുള്ളത്. ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായ സഹോദരന്‍ ലിബിനാകട്ടെ അടുത്തുള്ള വസ്തുക്കള്‍ മാത്രമേ കാണാന്‍ കഴിയൂ. ഇരുട്ടിന്റെ ലോകത്താണ് ഇരു കുരുന്നുകളും. ഇവരെ വെളിച്ചത്തിലേക്ക് കൊണ്ടുവരാന്‍ മാതാപിതാക്കളായ മുണ്ടിയെരുമ തട്ടാരുമുറിയില്‍ വിപിനും ആര്യയ്ക്കും ആഗ്രഹമുണ്ടെങ്കിലും സാമ്പത്തിക പരാധീനതകൾ കൊണ്ട് നടക്കാതെ വന്നതോടെ മക്കളെയോര്‍ത്ത് എന്നും കണ്ണീരൊഴുക്കുകയാണ്. ആരുഷിന് രണ്ട് ശസ്ത്രക്രിയകള്‍ നടത്തിയാല്‍ പൂര്‍ണമായും കാഴ്ച ലഭിക്കുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. രണ്ട് തവണയായി വേണം ശസ്ത്രക്രിയകള്‍ നടത്താന്‍. ഇതിന് പണച്ചെലവ് ഏറെയുണ്ട്. പുറത്തുവച്ചു നടത്തുന്ന ടെസ്റ്റുകള്‍ക്ക് ഭീമമായ തുകതന്നെ വേണം. മൂത്തമകന്‍ ലിബിന് ജന്മനാ കാഴ്ചശക്തി ഇല്ലായിരുന്നു. ലിബിനെ ഒരു ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും പൂര്‍ണതോതില്‍ കാഴ്ച ലഭിച്ചില്ല.
വീണ്ടുമൊരു ഓപറേഷനും കണ്ണില്‍ ലെന്‍സ് വയ്ക്കുകയും ചെയ്താല്‍ മാത്രമേ കാഴ്ച ലഭിക്കൂ. പുസ്തകം കണ്ണിനോട് ചേര്‍ത്തുപിടിച്ചാല്‍ വലിയ അക്ഷരങ്ങള്‍ മാത്രം വായിക്കാനാകും. ഇവരുടെ ശസ്ത്രക്രിയയ്ക്കായി രണ്ടുലക്ഷത്തിലധികം രൂപ വേണ്ടിവരും. ഈ മാസം 12 ന് ആരുഷിന്റെ ശസ്ത്രക്രിയ നടത്താമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ടെങ്കിലും വണ്ടിക്കൂലിക്കുപോലും പണമില്ലാത്ത അവസ്ഥയിലാണ് കുടുംബം. വിപിന്റെ കൂലിപ്പണിയാണ് കുടുംബത്തിന്റെ ഏക വരുമാനം. താന്നിമൂട്ടില്‍ വാടക വീട്ടില്‍ കഴിയുന്ന കുടുംബത്തിന് വാടക ഇനത്തില്‍ തന്നെ പ്രതിമാസം 4,000 രൂപ വേണം. മാതാപിതാക്കളായ ആര്യയ്ക്കും വിപിനും കാഴ്ചക്കുറവുണ്ട്. ആരുഷിനെയും ലിബിനെയും വെളിച്ചത്തിന്റെ ലോകത്തേക്ക് നയിക്കാന്‍ സുമനസുകളുടെ സഹായം ആവശ്യമാണ്. ഇവരെ സഹായിക്കാന്‍ താല്‍പര്യമുള്ളവര്‍ യൂണിയന്‍ ബാങ്ക് നെടുങ്കണ്ടം ശാഖയില്‍ ആര്യയുടെ പേരിലുള്ള അക്കൗണ്ടിലേക്ക് സഹായങ്ങള്‍ നല്‍കാവുന്നതാണ്. അക്കൗണ്ട് നമ്പര്‍: 455 1020 100 25234. ഐ.എഫ്.എസ്.സി ഡആകച0545511. ഗൂഗിള്‍ പേ: 9562 120 374.