മൃഗ സംരക്ഷണപരിപാലന രീതികളെക്കുറിച്ച് കുട്ടികളെ പഠിപ്പിക്കുകയും പരിശീലനം നൽകുകയും വേണമെന്ന് ക്ഷീര മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി. മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ തലനാട് ഗ്രാമപഞ്ചായത്തിൽ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി. മൃഗപരിപാലനത്തിൽ താൽപര്യം വന്നാൽ കുട്ടികൾ മറ്റ് ദുഃശീലങ്ങളിലേക്ക് പോകുന്ന പ്രവണത ഇല്ലാതാകും. കൂടുതൽ സ്ത്രീകളും യുവജനങ്ങളും ഈ മേഖലയിലേക്ക് തൊഴിൽ സംരംഭകരായി കടന്നു വരേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. മാതൃകാ പഞ്ചായത്ത് പദ്ധതിയിലുൾപ്പെടുത്തി. അടുക്കം സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളിലെ 21 വിദ്യാർഥികൾക്കും ബിപിഎൽ വിഭാഗത്തിൽപെട്ട 14 കുടുംബശ്രീ വനിതകൾക്കും അനുവദിച്ച ആടുകളുടെ വിതരണവും മന്ത്രി നിർവഹിച്ചു. ഓരോരുത്തർക്കും രണ്ട് പെണ്ണാടുകളെ വീതമാണ് നൽകിയത്. അടുക്കം സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന ചടങ്ങിൽ മാണി സി. കാപ്പൻ എം.എൽ.എ. അധ്യക്ഷനായി. ഗോവർദ്ധിനി പദ്ധതിയുടെയും കാലിത്തീറ്റ വിതരണത്തിന്റെയും ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി നിർവഹിച്ചു.
മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ. എ. കൗശികൻ പദ്ധതി വിശദീകരിച്ചു. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യൻ, തലനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജനി സുധാകരൻ, ജില്ലാ പഞ്ചായത്തംഗം ഷോൺ ജോർജ്ജ്, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.റ്റി. കുര്യൻ, മൃഗസംരക്ഷണ വകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ. ജിജിമോൻ ജോസഫ്, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ഒ.റ്റി തങ്കച്ചൻ, ഡപ്യൂട്ടി ഡയറക്ടർ ഡോ.എൻ. ജയദേവൻ, ചീഫ് വെറ്ററിനറി ഓഫീസർ ഡോ. ഷാജി പണിക്കശ്ശേരി, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സോളി ഷാജി, പ്രിൻസിപ്പൽ ആൻസി മാത്യു, ഹെഡ്മിസ്ട്രസ് കെ.റ്റി. ജലജ, തദ്ദേശ സ്ഥാപന പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. ആടുവളർത്തൽ ആദായകരമാക്കാം എന്ന വിഷയത്തിൽ തലയോലപ്പറമ്പ് ലൈവ് സ്റ്റോക്ക് മാനേജ്മെന്റ് ട്രെയിനിംഗ് സെന്ററിന്റെ നേതൃത്വത്തിൽ സെമിനാറും നടത്തി.
English Summary: Children should be trained in animal husbandry: Minister J Chinchurani
You may like this video also