Site icon Janayugom Online

കുട്ടികള്‍ ഒരുതരത്തിലും ചൂഷണം ചെയ്യപ്പെടാന്‍ പാടില്ല: മുഖ്യമന്ത്രി

ശാരീരികവും മാനസികവും ലൈംഗികവും തുടങ്ങി ഒരുതരത്തിലും കുട്ടികള്‍ ചൂഷണം ചെയ്യപ്പെടാന്‍ പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി, ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് അംഗങ്ങള്‍ക്ക് ഇക്കാര്യത്തില്‍ വലിയ പ്രവര്‍ത്തനങ്ങള്‍ നടത്താനാകും. ഇതിനെ ചെറുക്കാന്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം.
കുട്ടികളുമായി ബന്ധപ്പെട്ട നിയമങ്ങള്‍ സമൂഹത്തിലാകെ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുകയും നിയമം ലംഘിക്കുന്ന കുട്ടികളെ ഉത്തമ പൗരന്‍മാരാക്കുകയും ചെയ്യുക എന്നതാണ് ഇവരുടെ ചുമതല. വരും തലമുറയെ വാര്‍ത്തെടുക്കുന്നതില്‍ സുപ്രധാന പങ്കാണ് ഇവര്‍ വഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന വനിത ശിശുവികസന വകുപ്പിന്റെ ബാലസംരക്ഷണ മൊബൈല്‍ ആപ്പ് ‘കുഞ്ഞാപ്പി’ ന്റെ ലോഞ്ചിങ്ങും പുതുതായി നിയമിതരായ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് അംഗങ്ങള്‍ക്കായുള്ള പ്രത്യേക പരിശീലനത്തിന്റെ ഉദ്ഘാടനവും കോവളം വെള്ളാര്‍ കേരള ആര്‍ട്‌സ് ആന്റ് ക്രാഫ്റ്റ് വില്ലേജില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
കുട്ടികളുടെ സുരക്ഷയും സംരക്ഷണവും ഉറപ്പ് വരുത്തുകയാണ് ജെജെ, സിഡബ്ല്യുസി അംഗങ്ങളുടെ പ്രധാന ചുമതല. വിഷമകരമായ സാഹചര്യങ്ങളില്‍ കഴിയുന്ന കുട്ടികളുടെ സുരക്ഷയിലും പുനരധിവാസത്തിലും തീരുമാനം കൈക്കൊള്ളേണ്ടവരാണ്. കുട്ടികളുടെ ഭാവിയ്ക്കായി പ്രവര്‍ത്തിക്കണം. അതിനുള്ള പരിശീലനമാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷയായി. ഹൈക്കോടതി ജഡ്ജി ഷാജി പി ചാലി മുഖ്യ പ്രഭാഷണം നടത്തി.
എം വിന്‍സെന്റ് എംഎല്‍എ, സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍ ചെയര്‍മാന്‍ കെ വി മനോജ് കുമാര്‍, യൂണിസെഫ് കേരള-തമിഴ്‌നാട് സോഷ്യല്‍ പോളിസി ചീഫ് കെ എല്‍ റാവു, സോഷ്യല്‍ പോളിസി സ്‌പെഷ്യലിസ്റ്റ് കുമരേശന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. സ്റ്റേറ്റ് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ (ഹൈക്കോടതി മുന്‍ ജഡ്ജി) ജസ്റ്റിസ് വി കെ മോഹനന്‍ സ്വാഗതവും വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ ജി പ്രിയങ്ക നന്ദിയും പറഞ്ഞു. 

Eng­lish Sum­ma­ry: Chil­dren should not be exploit­ed in any way: CM

You may like this video also

Exit mobile version