Site iconSite icon Janayugom Online

ലഹരിഉപയോഗം തടയുന്നതിനുള്ള പാഠഭാഗങ്ങള്‍ പാഠ്യപദ്ധതിയില്‍ വേണമെന്ന് കുട്ടികള്‍

സ്നേഹവും അംഗീകാരവും ലഭിക്കാത്തതും ഒറ്റപ്പെടലും വിദ്യാര്‍ത്ഥികളെ ലഹരി ഉപയോഗത്തിലേക്ക് നയിക്കുന്നുവെന്ന് കണ്ടെത്തല്‍.
നാഷണല്‍ പോപ്പുലേഷന്‍ എജ്യൂക്കേഷന്‍ പ്രോഗ്രാമിന്റെ ഭാഗമായി ‘കൗമാരപ്രായക്കാരുടെ ലഹരിവസ്തു ഉപയോഗം’ എന്ന എസ്‌സിഇആര്‍ടി നടത്തിയ ഗവേഷണ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. കൗമാര പ്രായക്കാരുടെ ലഹരി ഉപയോഗം, ലഹരി വസ്തുക്കളോടുള്ള മനോഭാവം, ഇവയുടെ ഉപയോഗത്തിലേക്ക് നയിക്കുന്ന ഘടകങ്ങള്‍, ഉപയോഗം കാരണം ഉണ്ടാകാവുന്ന പ്രശ്നങ്ങള്‍ എന്നിവ കണ്ടെത്തുന്നതിനായാണ് പഠനം നടത്തിയത്.
സ്കൂളുകളിലെ കൗണ്‍സലിങ് സേവനങ്ങളുടെ ലഭ്യതക്കുറവും സ്കൂള്‍ പരിസരത്ത് ലഹരി വസ്തുക്കളുടെ ലഭ്യതയും കുട്ടികളിലെ ലഹരി ഉപയോഗത്തിന് കാരണമാകുന്നുവെന്നും പഠനത്തില്‍ വ്യക്തമാകുന്നു.
കുടുംബത്തിലെ അംഗങ്ങളുടെ ലഹരി ഉപയോഗവും ലഹരി ഉപയോഗിക്കുന്ന മുതിര്‍ന്നവരുമായുള്ള അതിര് കവിഞ്ഞ സൗഹൃദവും കുട്ടികളെ മോശമായ രീതിയില്‍ സ്വാധീനിക്കുന്നുണ്ട്. തൃപ്തികരമല്ലാത്ത സ്തൂള്‍ അന്തരീക്ഷത്തിനും ഇതില്‍ വലിയ പങ്കുണ്ട്. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് ആരോഗ്യസംബന്ധമായ അറിവ് പകുതിയിലധികം കുട്ടികളിലും ഉണ്ടെങ്കിലും 32 ശതമാനത്തോളം ഇത്തരത്തില്‍ അറിവില്ലാത്തവരാണ്. നാല് ശതമാനം പേര്‍ക്ക് നിയമപരമായ അറിവും ഇല്ല. 10 ശതമാനത്തില്‍ താഴെ വിദ്യാര്‍ത്ഥികള്‍ കൗമാര കാലത്ത് ലഹരി ഉപയോഗിക്കുന്നതില്‍ തെറ്റില്ല എന്ന് കരുതുന്നവരാണ്. സഭാകമ്പം ഒഴിവാക്കാനും ആത്മവിശ്വാസം ലഭിക്കാനും ചില സുഹൃത് ബന്ധങ്ങള്‍ പരിപാലിക്കാനും ലഹരി ഉപയോഗം നല്ലതാണെന്ന് വിശ്വസിക്കുന്ന കൗമാരപ്രായക്കാരുമുണ്ട്. കൂട്ടുകാരുടെ ഇടയില്‍ നിന്നാണ് കൂടുതലും ലഹരി വസ്തുക്കള്‍ ലഭിക്കുന്നത്. എന്നാല്‍ ബഹുഭൂരിപക്ഷം വിദ്യാര്‍ത്ഥികളും ലഹരി ഉപയോഗം സംബന്ധിച്ച് വെളിപ്പെടുത്താന്‍ തയ്യാറാവാത്തവരാണ്.
സ്കൂള്‍ പാഠ്യപദ്ധതിയില്‍ ലഹരിഉപയോഗം തടയുന്നതിനുള്ള ഭാഗങ്ങള്‍ ചേര്‍ക്കണമെന്ന് 80 ശതമാനത്തോളം കുട്ടികള്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. കടുത്ത ഏകാന്തത, പഠനത്തില്‍ നിന്ന് ശ്രദ്ധ വിട്ടുമാറല്‍, സ്കൂള്‍ അക്കാദമിക പ്രവര്‍ത്തനങ്ങളില്‍ താഴ്ന്ന നിലവാരം എന്നിവ ലഹരി ഉപയോഗത്തിന്റെ ഫലമായി കുട്ടികളില്‍ ഉണ്ടാകുന്നുവെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.
വിദ്യാര്‍ത്ഥികള്‍ക്കിടയിലെ ലഹരി ഉപയോഗം തടയാന്‍ കൂടുതല്‍ പദ്ധതികള്‍ ഈ വര്‍ഷം വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ചിട്ടുണ്ട്. ജില്ലാതലത്തിലും സ്കൂള്‍ തലത്തിലും രൂപീകരിച്ച ജനജാഗ്രതാസമിതികളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്താനും ലഹരിക്കെതിരെ എസ്‌സി‌ഇആര്‍ടിയുമായി സഹകരിച്ച് പാഠ്യപദ്ധതി രൂപീകരണത്തിനും നടപടി സ്വീകരിച്ചിട്ടുണ്ട്.

eng­lish sum­ma­ry; Chil­dren want lessons on drug abuse pre­ven­tion in the curriculum

you may also like this video;

Exit mobile version