Site iconSite icon Janayugom Online

കുട്ടികളുടെ ആധാർ പുതുക്കൽ സൗജന്യം; പുതിയ ഉത്തരവുമായി യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ

അഞ്ച് വയസ്സു മുതൽ പതിനേഴു വയസ്സുവരെയുള്ള കുട്ടികളുടെ നിർബന്ധിത ബയോമെട്രിക് പുതുക്കൽ സൗജന്യമാക്കി യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ. നേരത്തെ 5 മുതൽ 7 വരെയും 15 മുതൽ 17 വയസ്സുവരെയുള്ളവർക്കുമുള്ള നിർബന്ധിത പുതുക്കൽ മാത്രമാണ് സൗജന്യമായി ലഭിച്ചിരുന്നത്. എന്നാൽ, പുതിയ നിർദ്ദേശമനുസരിച്ച് 7 വയസ്സു മുതൽ 15 വയസ്സുവരെയുള്ള കുട്ടികൾക്കും ഒരു നിശ്ചിത കാലാവധിവരെ ഈ സൗജന്യ പുതുക്കൽ സൗകര്യം ലഭിക്കും. 

0–5 വയസ്സിൽ ബയോമെട്രിക്സ് ശേഖരിക്കാത്തതിനാൽ, കുട്ടികൾ അഞ്ചാം വയസ്സിലും പതിനഞ്ചാം വയസ്സിലും ബയോമെട്രിക്സ് (വിരലടയാളം, കൃഷ്ണമണി രേഖ) നിർബന്ധമായും പുതുക്കേണ്ടതുണ്ട്. പുതുക്കൽ നടത്താത്ത ആധാർ കാർഡുകൾ അസാധുവാകാൻ സാധ്യതയുള്ളതിനാൽ, സ്‌കോളർഷിപ്പ്, സ്‌കൂൾ അഡ്മിഷൻ, നീറ്റ്, ജെ ഇ ഇ മത്സര പരീക്ഷകൾക്ക് രജിസ്ട്രേഷൻ ചെയ്യുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ എല്ലാ കുട്ടികളും ഈ സൗജന്യ അവസരം പ്രയോജനപ്പെടുത്തണമെന്ന് കേരള സംസ്ഥാന ഐ ടി മിഷൻ ഡയറക്ടർ അറിയിച്ചു. നവജാത ശിശുക്കൾക്ക് ജനന സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ആധാറിന് എൻറോൾ ചെയ്യാം. ആധാറുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും പരാതികൾക്കും 1800–4251-1800 അല്ലെങ്കിൽ 0471–2525442 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Exit mobile version