Site iconSite icon Janayugom Online

അമ്മക്കോഴിയുടെ ചിറകിലൊതുങ്ങി സനാഥ ബാല്യം

സംസ്ഥാനതല ശിശുദിന സ്റ്റാമ്പ് രൂപകല്പനയ്ക്കായി സനാഥ ബാല്യം, സംരക്ഷിത ബാല്യം എന്ന വിഷയം നല്‍കിയപ്പോള്‍ തന്നെ കോഴിക്കോട് ഫറൂഖ് ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസുകാരി വൈഗയുടെ മനസില്‍ ഓടിയെത്തിയത് മാതാപിതാക്കള്‍ കുഞ്ഞുന്നാളില്‍ പറഞ്ഞുകൊടുത്ത കോഴിക്കുഞ്ഞിനെ റാഞ്ചാനെത്തുന്ന കഴുകന്റെ കഥയാണ്. കുഞ്ഞുങ്ങളെ റാകിപ്പറക്കാൻ ശരവേഗത്തിലെത്തുന്ന കഴുകനില്‍ നിന്ന് ചിറകുകള്‍ വിരിച്ച് മക്കള്‍ക്ക് രക്ഷയൊരുക്കുന്ന അമ്മക്കോഴിയും അവര്‍ക്ക് കാവല്‍ നില്‍ക്കുന്ന പൂവൻകോഴിയേയും അനായാസം വൈഗ കാൻവാസിലേക്ക് പകര്‍ത്തിയപ്പോള്‍ അത് ഇത്തവണത്തെ ശിശുദിന സ്റ്റാമ്പിന്റെ മാതൃസ്നേഹത്തിന്റെ സ്നേഹം തുടിക്കുന്ന മുഖപടവുമായി.

കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ പ്രവർത്തനങ്ങൾക്കായി വർഷം തോറും ധനശേഖരണാർത്ഥം സർക്കാർ അച്ചടിച്ച് പുറത്തിറക്കുന്ന 2025 — 26ലെ ശിശുദിന സ്റ്റാമ്പിലാണ് വെെഗയുടെ ചിത്രം തെരഞ്ഞെടുക്കപ്പെട്ടത്. എൽപി മുതൽ ഹയർ സെക്കൻഡറി വരെയുള്ള കുട്ടികൾക്കായി സംഘടിപ്പിച്ച മത്സരത്തിൽ അവസാന റൗണ്ടിലെത്തിയ 296 പേരെ പിന്തള്ളിയാണ് 14കാരിയായ വൈഗ ഒന്നാമതെത്തിയത്. ഭൂമിയുടെ അവകാശികൾ മനുഷ്യൻ മാത്രമല്ലെന്നും ഭൂമിയിലെ സർവ ജീവികളുമാണെന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ നിരീക്ഷണം അദ്ദേഹത്തിന്റെ നാട്ടുകാരിയുടെ ചിത്രത്തിൽ ദർശിക്കാനായെന്ന് ജൂറിയും ചിത്രകാരനും സംവിധായകനുമായ നേമം പുഷ്പരാജ് പറഞ്ഞു.

കോഴിക്കോട് ഫറൂഖ് പെരുമുഗം നല്ലൂർ വൈഗ നിവാസിൽ ചിത്രകാരൻ വി കെ അനീഷിന്റെയും കോഴിക്കോട് താലൂക്ക് ലൈബ്രറി കൗൺസിൽ ജീവനക്കാരി ഷിബി കെ പിയുടെയും മൂത്തമകളാണ് വൈഗ. രോഴിക്കോട് സെന്റ് ഫ്രാൻസിസ് ഹയർ സെക്കൻഡറി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനി വാമിക അനുജത്തിയാണ്. 14ന് രാവിലെ ശിശുദിന റാലിക്കു ശേഷം തിരുവനന്തപുരം കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന പൊതുസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിമാരായ വീണാജോർജ്, വി ശിവൻകുട്ടി എന്നിവരുടെ സാന്നിധ്യത്തിൽ ശിശുദിന സ്റ്റാമ്പ് പ്രകാശനം ചെയ്യും.

Exit mobile version