Site iconSite icon Janayugom Online

മുഖത്ത് മുളകുപൊടി എറിഞ്ഞു; പാലക്കാട് വൃദ്ധ ദമ്പതികളെ വെട്ടിപരിക്കേൽപ്പിച്ച കേസിൽ മരുമകൻ പിടിയിൽ

പാലക്കാട് പിരായിരിയിൽ ഭാര്യയുടെ മാതാപിതാക്കളെ വെട്ടി പരിക്കേൽപ്പിച്ച കേസിലെ പ്രതി പിടിയിൽ. മേപ്പറമ്പ് സ്വദേശി റിനോയ് തോമസ് ആണ് പിടിയിലായത്. അതിക്രമത്തിന് ശേഷം 14 വയസുള്ള കുട്ടിയുമായി ഇയാൾ ഒളിവിലായിരുന്നു. മംഗലാപുരത്ത് നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. ബന്ധുക്കളുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

കുടുംബ വഴക്കിനെ തുടർന്ന് വൃദ്ധ ദമ്പതികളുടെ മുഖത്ത് മുളകുപൊടി എറിഞ്ഞ് മരുമകൻ റിനോയ് വെട്ടിപ്പരിക്കേൽപ്പിച്ചു. പിരായിരി കൊടുന്തിരപ്പുള്ളി തരവത്തുപടി ടെറി (71), ഭാര്യ മോളി (65) എന്നിവർക്കാണ് വെട്ടേറ്റത്. ഭാര്യ രേഷ്മ റിനോയുമായുള്ള വിവാഹ ബന്ധം വേർപ്പെടുത്തുന്നതിനായി വിവാഹമോചന കേസ് ഫയൽ ചെയ്തിട്ടുണ്ട്. ഇതിന് ശേഷം റിനോയ് സ്ഥിരമായി വധഭീഷണി ഉയർത്തിയിരുന്നു. ഗാർഹിക പീഡനത്തിന് കേസ് ഫയൽ ചെയ്ത് രേഷ്മ തിരിച്ചു വന്ന സമയത്താണ് വീടിനുള്ളിൽ പരിക്കേറ്റ നിലയിൽ മാതാപിതാക്കളെ കണ്ടെത്തിയത്. നാട്ടുകാരും പൊലീസുംചേർന്ന് ഇരുവരെയും ജില്ലാ ആശുപത്രിയിൽ എത്തിച്ചു. ഗുരുതര പരിക്കേറ്റ മോളിയെ വിദഗ്ധ ചികിത്സയ്‌ക്കായി തൃശൂർ മെഡിക്കൽ കോളേജ്‌ ആശുപത്രിയിലേക്ക്‌ മാറ്റി. മോളിക്ക് കഴുത്തിലും മുതുകിലുമായി നിരവധി വെട്ടേറ്റിട്ടുണ്ട്. ടെറിക്ക് മുതുകിലും വയറിലുമാണ് വെട്ടേറ്റത്.

Exit mobile version