Site iconSite icon Janayugom Online

തണുത്ത് വിറച്ച് മൂന്നാര്‍; താപനില മൈനസിലേക്ക്, മഞ്ഞുവീഴ്ച തുടരുന്നു

തണുപ്പിൽ പുതഞ്ഞ് മൂന്നാർ. ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയാണ് ഇന്ന് മൂന്നാറിൽ രേഖപ്പെടുത്തിയത്. നല്ലതണ്ണി, നടയാർ, തെന്മല, കന്നിമല എന്നിവിടങ്ങളിൽ താപനില പൂജ്യം ഡിഗ്രി സെൽഷ്യസിലെത്തി. സെവൻമലയിൽ ഇന്ന് പുലർച്ചെ താപനില മൈനസ് ഒരു ഡിഗ്രി വരെ താഴ്ന്നു. പുലർച്ചെ പലയിടങ്ങളിലും കനത്ത മഞ്ഞുവീഴ്ചയുണ്ടായി. പുൽമേടുകളെല്ലാം വെളുത്ത മഞ്ഞുപാളികളാൽ പുതയ്ക്കപ്പെട്ട നിലയിലാണ്. പുറത്തു നിർത്തിയിട്ടിരുന്ന കാറുകൾക്കും മറ്റ് വാഹനങ്ങൾക്കും മുകളിൽ ഐസ് പാളികൾ രൂപപ്പെട്ടത് കൗതുകകരമായ കാഴ്ചയായി. രാത്രിയിൽ അതിശൈത്യം തുടരുമ്പോഴും പകൽ സമയത്ത് 23 ഡിഗ്രി സെൽഷ്യസ് ചൂടാണ് അനുഭവപ്പെടുന്നത്.

ക്രിസ്മസ് — പുതുവത്സര അവധി ആരംഭിച്ചതോടെ മൂന്നാറിലെ തണുപ്പ് ആസ്വദിക്കാൻ സഞ്ചാരികളുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. വരും ദിവസങ്ങളിൽ താപനില ഇനിയും താഴാനാണ് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷകർ കണക്കുകൂട്ടുന്നു. കഴിഞ്ഞ സീസണിൽ മൂന്നാറിലെ ഏറ്റവും കുറഞ്ഞ താപനില മൈനസ് മൂന്ന് ഡിഗ്രി സെൽഷ്യസ് ആയിരുന്നു.

Exit mobile version