Site icon Janayugom Online

ചൈന ഇന്ത്യയെ പ്രകോപിപ്പിച്ചു കൊണ്ടിരിക്കുന്നു: യുഎസ് നയതന്ത്ര പ്രതിനിധി

അമേരിക്കയോട് ചെയ്യുന്നത് പോലെ തന്നെ ചൈന ഓരോ ഘട്ടത്തിലും ഇന്ത്യയെ പ്രകോപിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് യുഎസ് നയതന്ത്രപ്രതിനിധി. ചൈനയുടെ പ്രകോപനങ്ങളെ പ്രതിരോധിക്കാനുതകുന്ന രീതിയില്‍ ഇന്ത്യയുടെ സൈനികശക്തി ശക്തിപ്പെടുത്താന്‍ വാഷിങ്ടണ്‍ പ്രതിജ്ഞാബന്ധമാണെന്നും ബൈഡന്‍ ഭരണകൂടത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ ഡൊണാള്‍ഡ് ലു പറഞ്ഞു.

കിഴക്കന്‍ ലഡാക്കില്‍ സേനയെ വിന്യസിച്ച് കരാര്‍ ലംഘനം നടത്തിയതിനെ തുടര്‍ന്ന് ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം വഷളായിരിക്കുകയാണ്. ഗല്‍വാന്‍ ആക്രമണത്തില്‍ പരിക്കേറ്റ സൈനികനെ ഒളിമ്പിക് ദീപശിഖാ വാഹകനാക്കിയതില്‍ പ്രതിഷേധിച്ച് ഇന്ത്യ ബെയ്ജിങ് ഒളിമ്പിക്സ് നയതന്ത്രബഹിഷ്കരണം നടത്തിയിരുന്നു. 

ഇരുപത് ഇന്ത്യന്‍ സൈനികരെ കൊലപ്പെടുത്തിയ ആക്രമണത്തില്‍ പങ്കെടുത്ത് പരിക്കേറ്റ ഒരാളെ ഒളിമ്പിക്സിന്റെ മുന്‍നിരയില്‍ നിര്‍ത്തിയും അരുണാചല്‍ പ്രദേശിലെ നഗരങ്ങളുടെ പേര് മാറ്റിയും ഭൂപടം മാറ്റിവരച്ചുമൊക്കെ ചൈന ഇന്ത്യയെ പ്രകോപിപ്പിച്ചു കൊണ്ടിരിക്കുകയാണ്. നാവിക സേന, ഇന്റലിജന്‍സ് വിവര കൈമാറ്റം, ബഹിരാകാശം, സൈബര്‍ സ്പേസ് തുടങ്ങി വിവിധ മേഖലകളില്‍ സഹകരണം ഉറപ്പാക്കി ചൈനയുടെ പ്രകോപനങ്ങളെ പ്രതിരോധിക്കാന്‍ ഇന്ത്യയെ സഹായിക്കുമെന്നും ലു പറഞ്ഞു. 

Eng­lish Summary:China con­tin­ues to pro­voke India: US diplomat
You may also like this video

Exit mobile version