Site iconSite icon Janayugom Online

തര്‍ക്ക ഭൂമിയില്‍ ദേശീയപാത നിര്‍മ്മിക്കാനൊരുങ്ങി ചൈന

തര്‍ക്ക ഭൂമിയായ അക്സായി ചിന്നിലൂടെ ചൈന പുതിയ ദേശീയപാത നിര്‍മ്മിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ബെയ്ജിങ് കഴിഞ്ഞ ആഴ്ച പുറത്തുവിട്ട ദേശീയ പാത നിര്‍മ്മാണ പദ്ധതിയിലാണ് ഇത് വ്യക്തമാക്കിയിട്ടുള്ളത്. ഇന്ത്യന്‍ അതിര്‍ത്തിയിലൂടെ ചൈനയെ ടിബറ്റുമായി ബന്ധിപ്പിക്കുന്ന റോഡ് നിര്‍മ്മാണത്തിനാണ് ചൈന ഒരുങ്ങുന്നത്. ജി695 ദേശീയ എക്സ് പ്രസ്‌വേ പൂര്‍ത്തിയായാല്‍ അക്സായ് ചിന്‍ മേഖലയില്‍ ചൈന നിര്‍മ്മിക്കുന്ന രണ്ടാമത്തെ ദേശീയപാതയാകും ഇത്. 2035 ഓടെ നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ചൈനയുടെ നിയന്ത്രണത്തിലുള്ള ഇന്ത്യയുടേതെന്ന് അവകാശപ്പെടുന്ന 38,000 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്ത് 1950ല്‍ ചൈന ജി219 ദേശീയപാത നിര്‍മ്മിച്ചിരുന്നു.

കേന്ദ്രഭരണപ്രദേശമായ ലഡാക്കിന്റെ ഭാഗമായാണ് അക്സായി ചിന്നിനെ ഇന്ത്യ കണക്കാക്കുന്നത്, എന്നാല്‍ സിൻജിയാങ് പ്രവിശ്യയുടെയും ടിബറ്റിന്റെയും ഭാഗമാണെന്നാണ് ചൈനയുടെ അവകാശവാദം. ജി219നേക്കാള്‍ യഥാര്‍ത്ഥ നിയന്ത്രണ രേഖയോട് അടുത്തായിരിക്കും പുതിയ ദേശീയ പാതയെന്നാണ് ഹോങ്കോങ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഷിന്‍ജിയാങ്ങിലെ മഴ ടൗണില്‍ നിന്നും അക്സായ് ചിന്‍ വഴിയും, ഇന്ത്യ, നേപ്പാൾ, ഭൂട്ടാൻ എന്നിവയുമായുള്ള ചൈനയുടെ അതിർത്തികളിലൂടെ അരുണാചല്‍പ്രദേശ് അതിര്‍ത്തി കടന്ന് തെക്കുകിഴക്കൻ ടിബറ്റിലെ ലുൻസെ വരെയാകും ദേശീയപാതയുടെ നിര്‍മ്മാണമെന്നാണ് സൂചന. 

നിർദിഷ്ട ദേശീയപാതയുടെ ഭൂപടം പുറത്തുവിട്ടിട്ടില്ലെങ്കിലും, പാത അക്സായി ചിന്നിനു കുറുകെയായിരിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇത് സമീപകാലത്ത് ഇന്ത്യ‑ചൈന സംഘര്‍ഷം ഉടലെടുത്ത പ്രദേശങ്ങളിലേക്കും ദേശീയ പാതയെ അടുപ്പിക്കും. കിഴക്കൻ ലഡാക്ക് മുതൽ ഇന്ത്യ‑ചൈന‑ഭൂട്ടാൻ ട്രൈജങ്ഷന് സമീപമുള്ള ദോക്‌ലാമിന് സമീപം വരെ പാത എത്താമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇതിനിടെ 2017ല്‍ ഇന്ത്യയും ചൈനയും മുഖാമുഖം നിന്ന പ്രദേശമായ ദോക്‌ലാമിന് ഒമ്പത് കിലോമീറ്റര്‍ കിഴക്കായി ചൈന പുതിയ ഗ്രാമം നിര്‍മ്മിച്ചതിന്റെ സാറ്റ്‌ലൈറ്റ് ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. 

ബെയ്ജിങ് പംഗ്ഡ എന്ന് വിളിക്കുന്ന ഗ്രാമം ഭൂട്ടാനീസ് പ്രദേശത്താണ് സ്ഥിതിചെയ്യുന്നത്. പംഗ്ഡ പൂര്‍ണ ജനവാസ കേന്ദ്രമാണെന്ന് ചിത്രങ്ങളില്‍ വ്യക്തമാണ്. ഇവിടെ ഓരോ വീടുകള്‍ക്കു മുമ്പിലും കാറുകള്‍ നിര്‍ത്തിയിട്ടുണ്ട്. അമോ ചു നദീതിരത്ത് നിര്‍മ്മിച്ചിരിക്കുന്ന ഗ്രാമം ഇന്ത്യക്കും ഭീഷണി ഉയര്‍ത്തുന്നുണ്ട്. ഗ്രാമത്തിലൂടെ ദോക്‌ലാമിലെ തന്ത്രപ്രധാനമായ പർവതത്തിലേക്ക് ചൈനീസ് സൈന്യത്തിന് എളുപ്പത്തില്‍ എത്തിച്ചേരാന്‍ കഴിഞ്ഞേക്കുമെന്നാണ് കണക്കാക്കുന്നത്.

Eng­lish Summary:China is prepar­ing to build a nation­al high­way on dis­put­ed land
You may also like this video

Exit mobile version