Site iconSite icon Janayugom Online

പാംഗോങ് തടാകത്തിന് സമീപം നിര്‍മ്മാണവുമായി ചൈന

pangongpangong

കിഴക്കൻ ലഡാക്കില്‍ പാംഗോങ് തടാകത്തിന് സമീപം നിർമ്മാണ പ്രവർത്തനങ്ങളുമായി ചൈന. ഉപഗ്രഹചിത്രങ്ങളില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായത്. ആയുധങ്ങളും ഇന്ധനവും സൂക്ഷിക്കാനായി ബങ്കറുകളാണ് ചൈന നിർമ്മിച്ചിരിക്കുന്നത്. ആയുധങ്ങള്‍ വഹിക്കാൻ ശേഷിയുള്ള വാഹനങ്ങള്‍ സൂക്ഷിക്കാനുള്ള സ്ഥലവും ബങ്കറുകള്‍ക്കുള്ളില്‍ ഉണ്ടെന്നാണ് സൂചന.
യഥാർത്ഥ നിയന്ത്രണരേഖയ്ക്ക് സമീപം അഞ്ച് കിലോമീറ്റർ അകലെയാണ് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍. 2020ല്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘർഷമുണ്ടാകുന്നത് വരെ പ്രദേശത്ത് മനുഷ്യവാസമുണ്ടായിരുന്നില്ല. സിർജാപില്‍ കേന്ദ്രീകരിച്ചിട്ടുള്ള പീപ്പിള്‍സ് ലിബറേഷൻ ആർമിയുടെ സംഘമാണ് നിർമ്മാണ പ്രവർത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

2021–22 കാലയളവില്‍ ഇവിടെ ഭൂഗർഭ ബങ്കറുകള്‍ ചൈന നിർമ്മിച്ചുവെന്നാണ് വിവരം. ബ്ലാക്ക് സ്കൈ എന്ന സ്ഥാപനമാണ് നിർമ്മാണ പ്രവർത്തനങ്ങളുടെ ചിത്രങ്ങള്‍ പുറത്തുവിട്ടത്. എട്ട് കവാടങ്ങളുള്ള ബങ്കറും അഞ്ച് കവാടങ്ങളുള്ള ബങ്കറുമാണ് ചൈന നിർമ്മിച്ചിരിക്കുന്നത്. ഇതിന് സമീപത്ത് തന്നെ വലിയൊരു ബങ്കറും കണ്ടെത്തിയിട്ടുണ്ട്.
വ്യോമാക്രമണത്തില്‍ നിന്നും കവചിത വാഹനങ്ങളെ സംരക്ഷിക്കുകയെന്നതാണ് ബങ്കറുകളുടെ പ്രധാന ദൗത്യമെന്ന് സൂചനയുണ്ട്. ഇവയ്ക്കാവശ്യമായ വസ്തുക്കളും ബങ്കറുകളില്‍ ശേഖരിക്കും. ഗല്‍വാൻ താഴ്വരയില്‍ നിന്നും 120 കിലോമീറ്റർ മാത്രം അകലെയാണ് ബങ്കറുകള്‍ നിർമ്മിച്ച സ്ഥലം.
2020ല്‍ ഗല്‍വാൻ താഴ‌്‌വരയില്‍ ഇന്ത്യയും ചൈനയും തമ്മിലുണ്ടായ സംഘർഷത്തില്‍ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചിരുന്നു. ഇതിന് ശേഷം ഇന്ത്യ‑ചൈന അതിര്‍ത്തി തര്‍ക്കം കൂടുതല്‍ രൂക്ഷമായി. ഇവ പരിഹരിക്കാനുള്ള ചർച്ചകള്‍ വീണ്ടും തുടങ്ങാൻ ഷാങ്ഹായി സഹകരണ ഉച്ചകോടിയില്‍ ഇന്ത്യയും ചൈനയും തമ്മില്‍ ധാരണയായതിന് പിന്നാലെയാണ് ബങ്കറുകളുടെ ചിത്രങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. അതേസമയം പുറത്തുവന്ന വിവരങ്ങളോട് ഇന്ത്യൻ സൈന്യം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. 

നേരത്തെ ചൈനയുടെ അത്യാധുനിക ചെങ്‌ഡു ജെ20 യുദ്ധവിമാനങ്ങള്‍ ഷിഗാറ്റ്‌സെ സൈനികത്താവളത്തില്‍ വിന്യസിച്ചതായി ഉപഗ്രഹചിത്രങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. ഇന്ത്യന്‍ വ്യോമസേനയുടെ പശ്ചിമ ബംഗാളിലെ ഹസിമാര ബേസിൽ നിന്ന് 300 കിലോമീറ്റർ അകലെയാണ് ഷിഗാറ്റ്‌സെ. ചൈനയുടെ ജെ20 വിന്യാസം ഐഎഎഫിന്റെ ഏറ്റവും ആധുനിക വിമാനങ്ങളിലൊന്നായ റാഫേൽ യുദ്ധവിമാനങ്ങളെ നേരിടാൻ ലക്ഷ്യമിട്ടുള്ളതാണെന്ന് വിദഗ്ധർ വിലയിരുത്തുന്നു. 

Eng­lish Sum­ma­ry: Chi­na with con­struc­tion near Pan­gong Lake

You may also like this video

Exit mobile version