അടുത്തവര്‍ഷത്തെ എഎഫ്‌സി ഏഷ്യന്‍ കപ്പ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന് വേദിയൊരുക്കുന്നതില്‍ നിന്നും ചൈന പിന്മാറി. കോവിഡ് സാഹചര്യം ചൂണ്ടിക്കാട്ടിയാണ് പിന്മാറ്റം.
24 ഏഷ്യന്‍ രാജ്യങ്ങള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റ് പത്ത് ചൈനീസ് നഗരങ്ങളിലായി സംഘടിപ്പിക്കാനായിരുന്നു ആസൂത്രണം ചെയ്തിരുന്നത്. ഖത്തറാണ് നിലവിലെ ചാമ്പ്യന്മാര്‍. കംബോഡിയ, അഫ്ഗാനിസ്ഥാന്‍, ഹോങ്കോങ് എന്നീ രാജ്യങ്ങള്‍ക്കൊപ്പം ഗ്രൂപ്പ് ഡിയിലുള്ള ഇന്ത്യ ഇതുവരെ ഫൈനല്‍ റൗണ്ടിലേക്ക് യോഗ്യത പൂര്‍ത്തിയാക്കിയിട്ടില്ല.
പൊതുതാല്പര്യം പരിഗണിച്ച് ഈ തീരുമാനമെടുത്ത ചൈനീസ് ഫുട്ബോള്‍ അസോസിയേഷനെ ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ അഭിനന്ദിച്ചു. കോവിഡ് കാരണം ചൈന പിന്മാറുന്ന പ്രമുഖ ചാമ്പ്യന്‍ഷിപ്പുകളില്‍ അവസാനത്തേതാണ് ഏഷ്യന്‍ കപ്പ്. സെപ്റ്റംബറില്‍ ഹാംഗ്ഷുവില്‍ നടക്കേണ്ട ഏഷ്യന്‍ ഗെയിംസ് ചൈന നീട്ടിവച്ചിരുന്നു. അടുത്ത വര്‍ഷം ജൂണിലും ജൂലൈയിലുമായി നടക്കേണ്ട ഏഷ്യന്‍ കപ്പിനായി നിരവധി പുതിയ സ്റ്റേഡിയങ്ങള്‍ ചൈന പണിതിരുന്നു.
ചൈന പിന്മാറിയതോടെ ഖത്തറിലോ സൗദി അറേബ്യയിലോ ടൂര്‍ണമെന്റ് നടക്കുമെന്നാണ് സൂചന. 2027 ലെ ഏഷ്യന്‍ കപ്പിനായി ശ്രമിക്കുന്ന രാജ്യങ്ങളാണ് ഖത്തറും സൗദിയും. 2027 ലെ ടൂര്‍ണമെന്റിനായി ഇന്ത്യ, ഇറാന്‍ രാജ്യങ്ങളും രംഗത്തുണ്ട്. അടുത്ത വര്‍ഷമാദ്യമാണ് 2027 ലെ വേദി നിശ്ചയിക്കുക. ഈ വര്‍ഷം നവംബറിലും ഡിസംബറിലുമായി ലോകകപ്പിന് വേദിയൊരുക്കുന്ന ഖത്തറിന് എല്ലാ അടിസ്ഥാന സൗകര്യങ്ങളുമുണ്ട്. എന്നാല്‍ ജൂണില്‍ ഖത്തറില്‍ കൊടുംചൂടായിരിക്കും. ഖത്തറാണ് വേദിയെങ്കില്‍ ടൂര്‍ണമെന്റ് 2024 ആദ്യത്തിലേക്ക് മാറ്റിയേക്കും.
English Summary: China withdraws from AFC Asian Cup
You may like this video also