Site iconSite icon Janayugom Online

ഇന്ത്യ‑നേപ്പാൾ അതിർത്തിയിൽ ചൈനീസ് ചാരനെന്ന് സംശയം; അനധികൃതമായി കടന്ന 49‑കാരൻ പിടിയില്‍

അനധികൃതമായി ഇന്ത്യയിലേക്ക് കടന്ന് അതിർത്തി പ്രദേശത്തിന്റെ ദൃശ്യങ്ങൾ പകർത്തിയ ചൈനീസ് പൗരനെ പിടികൂടി സശസ്ത്ര സീമാ ബൽ (എസ്എസ്‌ബി). ചൈനയിലെ ഹുനാൻ പ്രവിശ്യാ സ്വദേശിയായ ലിയു ക്വുൻജിങാണ് പിടിയിലായതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
ഉത്തർപ്രദേശിലെ ബഹ്റൈച്ച് ജില്ലയിൽ ഇന്ത്യ‑നേപ്പാൾ അതിർത്തിയിലെ റുപൈഡിഹ ചെക്ക്‌പോസ്റ്റിന് സമീപത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. ഇയാൾ പാകിസ്താനിലേക്കും യാത്ര ചെയ്തിട്ടുണ്ടെന്നും ഇയാളിൽ നിന്ന് പാകിസ്താന്‍, ചൈന, നേപ്പാൾ എന്നീ രാജ്യങ്ങളുടെ കറൻസികൾ കണ്ടെടുത്തതായും ഉദ്യോഗസ്ഥർ വ്യക്തമാക്കി.ഇന്ത്യയിലേക്ക് പ്രവേശിക്കാൻ ആവശ്യമായ രേഖകൾ ഇയാളുടെ കൈവശം ഉണ്ടായിരുന്നില്ലെന്നാണ് വിവരം. ഇയാളിൽ നിന്ന് മൂന്ന് മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. അവയിലൊന്നിൽ ഇന്ത്യയിലെ തന്ത്രപ്രധാനമായ നിരവധി സ്ഥലങ്ങളുടെ വീഡിയോകൾ അടങ്ങിയിരുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു.

ഇയാളിൽ നിന്ന് നേപ്പാളിന്റെ ഒരു ഭൂപടം കണ്ടെത്തി. ഭൂപടത്തിലെല്ലാം ഇംഗ്ലീഷിലായിരുന്നു എഴുതിയിരുന്നത്, എന്നാൽ തനിക്ക് ഹിന്ദിയോ ഇംഗ്ലീഷോ അറിയില്ലെന്ന് ആംഗ്യഭാഷയിൽ ഇയാൾ അധികൃതരെ അറിയിച്ചു. എസ്എസ്ബിയും പോലീസും മറ്റ് സുരക്ഷാ ഏജൻസികളും ഒരു ദ്വിഭാഷിയുടെ സഹായത്തോടെയാണ് ക്വുൻജിങുമായി സംസാരിച്ചത്. പാകിസ്താനിലേക്ക് യാത്ര ചെയ്യുന്നതിന് ഇയാൾക്ക് വിസയുണ്ടായിരുന്നുവെന്ന് ചോദ്യം ചെയ്യലിൽ മനസ്സിലായി. ഇയാളെ പോലീസിന് കൈമാറി. കേസ് രജിസ്റ്റർ ചെയ്ത പോലീസ് അറസ്റ്റ് രേഖപ്പെടുത്തി. 

Exit mobile version