Site iconSite icon Janayugom Online

ചൈനീസ് സൈന്യത്തിന്റെ കടന്നുകയറ്റം: അതിര്‍ത്തിയില്‍ നിരീക്ഷണം ശക്തമാക്കി

ChinaChina

ഇന്ത്യ‑ചൈന സൈനിക സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ അരുണാചല്‍ അതിര്‍ത്തിയില്‍ ഇന്ത്യ നിരീക്ഷണം ശക്തമാക്കി.
യഥാര്‍ത്ഥ നിയന്ത്രണ രേഖയ്ക്ക് സമീപം ചെെനീസ് ജെറ്റുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് സൈനികനീരീക്ഷണം വര്‍ധിപ്പിച്ചത്. വടക്കുകിഴക്കൻ മേഖലയിൽ വ്യോമസേനയുടെ സാന്നിധ്യം വളരെ ശക്തമാണ്. അസമിലെ തേസ്‌പൂരിലും ചബുവയിലും സുഖോയ്-30 വിന്യസിച്ചിട്ടുണ്ട്. ബംഗാളിലെ ഹസിമാരയിൽ റഫാൽ യുദ്ധവിമാനങ്ങളും നിലയുറപ്പിച്ചിട്ടുണ്ട്.
ചൈനയുടെ കടന്നുകയറ്റം ഇന്നലെ പാര്‍ലമെന്റില്‍ ശക്തമായ പ്രതിഷേധത്തിന് കാരണമായി. 

അതേസമയം ഇന്ത്യന്‍ സെെന്യം നിയമവിരുദ്ധമായി അതിര്‍ത്തി കടന്നെന്നാണ് ചെെനീസ് സെെന്യത്തിന്റെ പ്രതികരണം. ചെെനീസ് അതിര്‍ത്തി പട്രോളിങ് സേനയെ ഇന്ത്യ തടഞ്ഞതായും ആരോപണമുണ്ട്. യഥാർത്ഥ നിയന്ത്രണ രേഖയിലെ സാഹചര്യങ്ങൾ സാധാരണ നിലയിലാണെന്നും പ്രശ്നങ്ങൾ പരിഹരിക്കാൻ സൈനിക‑നയതന്ത്ര തല ചർച്ച വേണമെന്നും ചൈന പ്രസ്താവനയിൽ പറഞ്ഞു. സംഘർഷത്തിൽ ഇത് ആദ്യമായാണ് ചൈന പ്രതികരിക്കുന്നത്. പ്രദേശത്ത് സ്ഥിതിഗതികള്‍ ശാന്തമായതായി ചൈനീസ് വിദേശകാര്യമന്ത്രാലയ വക്താവ് വാങ് വെന്‍ബിന്‍ പറഞ്ഞു.
ഡിസംബർ ഒമ്പതിന് തവാങ്ങിൽ ഏറ്റുമുട്ടലിന് മുമ്പ് തന്നെ അരുണാചൽ പ്രദേശ് അതിർത്തിയിലേക്ക് ഡ്രോണുകൾ അയക്കാൻ ചൈന ശ്രമിച്ചിരുന്നു. ഇതിനുശേഷമാണ് വ്യോമസേന യുദ്ധവിമാനങ്ങള്‍ അതിർത്തിയിൽ വിന്യസിച്ചത്. മൂന്ന് തവണ യുദ്ധവിമാനങ്ങള്‍ ചെെനീസ് ഡ്രോണുകളെ തടഞ്ഞതായും വ്യോമസേന അറിയിച്ചു. 

സെെനികര്‍ക്ക് നിസാര പരിക്കുകളുണ്ടെന്ന കേന്ദ്ര സര്‍ക്കാര്‍ വിശദീകരണത്തിന് വിരുദ്ധമായി ആറ് സെെനികര്‍ക്ക് ഗുരുതരമായി പരിക്കേറ്റെന്നാണ് അരുണാചല്‍ ബിജെപി മേധാവി താപില്‍ ഗാവോ മാധ്യമങ്ങളോട് പറഞ്ഞത്. ആകെ 20 സെെനികര്‍ക്ക് പരിക്കുകള്‍ സംഭവിച്ചതായും ഗാവോ പറഞ്ഞിരുന്നു. 

Eng­lish Sum­ma­ry: Chi­nese army incur­sion: Bor­der sur­veil­lance intensified

You may also like this video

Exit mobile version