Site icon Janayugom Online

ചൈനീസ് ബജറ്റ് ഫോണുകള്‍ക്ക് വിലക്ക് വീണേക്കും

Xiaomi

ചൈനീസ് ബജറ്റ് ഫോണുകള്‍ക്ക് വിലക്കേര്‍പ്പെടുത്താനൊരുങ്ങി ഇന്ത്യ. ആഭ്യന്തര വിപണി ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് തീരുമാനം. ഷവോമി ഉള്‍പ്പെടെയുള്ള മൊബൈല്‍ നിര്‍മ്മാതാക്കള്‍ക്ക് ഇന്ത്യയുടെ തീരുമാനം തിരിച്ചടിയാകും.
12,000 രൂപയില്‍ താഴെ വിലയുള്ള മൊബൈല്‍ ഫോണിന്റെ ഇറക്കുമതി തടയാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ഇതിലൂടെ ലോകത്തെ രണ്ടാമത്തെ മൊബൈല്‍ ഫോണ്‍ വിപണിയായ ഇന്ത്യയില്‍ നിന്ന് ചൈനീസ് ഭീമന്മാരെ പുറത്താക്കാന്‍ കഴിയും. റിയല്‍മീ, ട്രാന്‍സിയന്‍ തുടങ്ങിയ ബ്രാന്‍ഡുകള്‍ തദ്ദേശിയ മൊബൈല്‍ നിര്‍മ്മാണത്തെ പ്രതിസന്ധിയിലാക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് നടപടി.
തുടര്‍ച്ചയായ ലോക്‌ഡൗണ്‍ നിയന്ത്രണങ്ങളെ തുടര്‍ന്ന് ചൈനയിലെ ഉല്പാദനവും ഉപയോഗവും കുറഞ്ഞപ്പോഴും ഇന്ത്യന്‍ വിപണിയിലേക്ക് വലിയതോതില്‍ മൊബൈല്‍ ഇറക്കുമതി നടത്തിയ ഷവോമി ഉള്‍പ്പെടെയുള്ള കമ്പനികള്‍ക്ക് കനത്ത തിരിച്ചടിയായിരിക്കും തീരുമാനം. ഈ വര്‍ഷത്തെ ജൂണ്‍ പാദം വരെയുള്ള കണക്കനുസരിച്ച് ഇന്ത്യയില്‍ വിറ്റുപോയതില്‍ മൂന്നിലൊന്നും 12,000 രൂപവരെയുള്ള ഫോണുകളാണ്. ഇതില്‍ 80 ശതമാനവും ചൈനീസ് കമ്പനികളുടേതാണെന്ന് മാര്‍ക്കറ്റ് ട്രാക്കര്‍ കൗണ്ടര്‍പോയിന്റ് വ്യക്തമാക്കുന്നു.
ഷവോമി, ഒപ്പോ തുടങ്ങിയ കമ്പനികളുടെ സാമ്പത്തിക ഇടപാടുകളില്‍ ഉള്‍പ്പെടെ കേന്ദ്രസര്‍ക്കാര്‍ അന്വേഷണം നടത്തി വരികയാണ്. വളരെ പ്രചാരത്തിലിരുന്ന ടിക്‌ടോക് ഉള്‍പ്പെടെ മുന്നൂറിലധികം ചൈനീസ് ആപ്പുകള്‍ക്ക് ഇന്ത്യ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

Eng­lish Sum­ma­ry: Chi­nese bud­get phones may be banned

You may like this video also

Exit mobile version