Site iconSite icon Janayugom Online

ചൈനീസ് ഇറക്കുമതി കൂടി; വ്യാപാരക്കമ്മി റെക്കോഡില്‍

ആഗോള വ്യാപാരയുദ്ധം മുറുകുന്നതിനിടെ ചൈനയുമായുള്ള ഇന്ത്യയുടെ വ്യാപാരക്കമ്മി റെക്കോര്‍ഡ് ഉയരത്തില്‍. കഴിഞ്ഞ സാമ്പത്തിക വർഷം ചൈനയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 14.5 ശതമാനം ഇടിഞ്ഞ് 1,22,065 കോടിയായി. 2023–24ൽ ഇത് 1,42,708 കോടി ആയിരുന്നു. അതേസമയം ഇറക്കുമതി 2023–24‑ൽ 8,71,449 കോടിയിൽ നിന്ന് 2024–25‑ൽ 11.52 ശതമാനം ഉയർന്ന് 9,71,846 കോടി രൂപയായി. ചൈനയുമായുള്ള വ്യാപാര കമ്മി 2023–24‑ലെ 7,28,734 കോടി രൂപയിൽ നിന്ന് കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഏകദേശം 17 ശതമാനം വർധിച്ച് 8,49,617 കോടി രൂപയായി ഉയര്‍ന്നു. ഇന്ത്യയുടെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയായി ചൈന തുടരുകയാണ്. 2023–24‑ൽ 10,14,170 കോടി ആയിരുന്നു ഇരുരാജ്യങ്ങളുടെയും വ്യാപാരം. ഇത് 2024–25‑ൽ 10,93,831 കോടി രൂപ ആയി ഉയര്‍ന്നു.

താരിഫ് സംഘര്‍ഷങ്ങള്‍ക്കിടയില്‍ ചൈന ഇന്ത്യയിലേക്ക് വന്‍തോതില്‍ ഇറക്കുമതി നടത്തിയതായാണ് വാണിജ്യമന്ത്രാലയത്തിന്റെ ആശങ്ക. മാര്‍ച്ചില്‍ മാത്രം ചൈനയില്‍ നിന്നുള്ള ഇറക്കുമതിയില്‍ 25 ശതമാനം വാര്‍ഷിക വര്‍ധന രേഖപ്പെടുത്തി. അതായത് 9.7 ബില്യണ്‍ ഡോളറിന്റെ ഇറക്കുമതി. ഇലക്ട്രോണിക്സ്, ഇലക്ട്രിക് ബാറ്ററികള്‍, സോളാര്‍ സെല്ലുകള്‍ എന്നിവയാണ് കൂടുതലും ഇറക്കുമതി ചെയ്തിരിക്കുന്നത്. അതേസമയം, ചൈനയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി മാര്‍ച്ചില്‍ 14.5 ശതമാനം കുറഞ്ഞ് 1.5 ബില്യണ്‍ ഡോളറായി. ഇന്ത്യയുടെ ആകെ കയറ്റുമതി മാര്‍ച്ചില്‍ 0.7 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി 41.97 ബില്യണ്‍ യുഎസ് ഡോളറിലെത്തി. മാര്‍ച്ച് മാസത്തിലെ വ്യാപാര കമ്മി 21.54 ബില്യണ്‍ യുഎസ് ഡോളറാണ്. ഫെബ്രുവരിയില്‍ ഇത് 14.05 ബില്യണ്‍ ഡോളറായിരുന്നു. 2023 മാര്‍ച്ചില്‍ വ്യാപാര കമ്മി 15.33 ബില്യണ്‍ ഡോളറുമായിരുന്നു. ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങള്‍ക്കിടയിലും കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ചരക്കുകളുടെയും സേവനങ്ങളുടെയും മൊത്തത്തിലുള്ള കയറ്റുമതി എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 820 ബില്യണ്‍ യുഎസ് ഡോളറിലുമെത്തി. 

Exit mobile version