Site iconSite icon Janayugom Online

ഇന്ത്യയുടെ എഐ ഉച്ചകോടിയിൽ ‘ചൈനീസ്’ റോബോട്ട്; ഗൽഗോട്ടിയ യൂണിവേഴ്സിറ്റിയെ ഉച്ചകോടിയിൽ നിന്ന് പുറത്താക്കി

അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയുടെ എഐ കരുത്ത് വിളിച്ചോതാൻ സംഘടിപ്പിച്ച എഐ ഉച്ചകോടി വൻ വിവാദത്തിലും പരിഹാസത്തിലും കലാശിച്ചു. തദ്ദേശീയമായി വികസിപ്പിച്ചതെന്ന് അവകാശപ്പെട്ട് ഗൽഗോട്ടിയ യൂണിവേഴ്സിറ്റി പ്രദർശിപ്പിച്ചത് ചൈനീസ് നിർമ്മിത റോബോട്ടിനെയായിരുന്നു. ഉച്ചകോടിയിൽ ഗൽഗോട്ടിയ യൂണിവേഴ്സിറ്റി അവതരിപ്പിച്ച റോബോട്ട് കണ്ട് ആവേശഭരിതനായ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്, ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ‘സ്വദേശി’ നിർമ്മിതിയെന്ന നിലയിൽ ഇതിനെ പുകഴ്ത്തുകയും ചെയ്തു. എന്നാൽ, സംഭവം ചൈനീസ് ഉൽപ്പന്നമാണെന്ന് ഉടൻ തന്നെ സോഷ്യൽ മീഡിയ കണ്ടെത്തി. ആകെ നാണക്കേടായതോടെ കേന്ദ്രം യൂണിവേഴ്സിറ്റിയെ ഉച്ചകോടിയിൽ നിന്ന് പുറത്താക്കി. വീഴ്ചയിൽ മന്ത്രി അശ്വിനി വൈഷ്ണവ് പിന്നീട് മാപ്പ് പറയുകയും ചെയ്തു.

സാങ്കേതികവിദ്യയുടെ ഉച്ചകോടി ആയിരുന്നിട്ടും സുരക്ഷാ കാരണങ്ങൾ പറഞ്ഞ് ലാപ്ടോപ്പുകൾ അടക്കമുള്ള ഉപകരണങ്ങൾക്ക് വേദിയിൽ നിരോധനം ഏർപ്പെടുത്തിയത് വലിയ തമാശയായി. ഇതിനിടെ പല സംരംഭകരുടെയും വിലകൂടിയ എഐ ഉപകരണങ്ങൾ വേദിയിൽ നിന്ന് മോഷണം പോയതായും പരാതിയുണ്ട്. പ്രധാനമന്ത്രിയുടെ വീഡിയോ ചിത്രീകരണത്തിന് വേണ്ടി സംരംഭകരെ വേദിയിൽ നിന്ന് മാറ്റിനിർത്തിയതായും ആക്ഷേപം ഉയർന്നു. പ്രതിനിധികൾക്ക് കൃത്യസമയത്ത് ഭക്ഷണം നൽകുന്നതിലും ഡിജിറ്റൽ പേയ്മെന്റ് സംവിധാനങ്ങൾ ഒരുക്കുന്നതിലും സംഘാടകർ പരാജയപ്പെട്ടു. ഉച്ചകോടിയിലെ ഈ അരാജകത്വത്തിനെതിരെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾ ശക്തമായി രംഗത്തെത്തി. 

Exit mobile version