Site iconSite icon Janayugom Online

ചൂരല്‍മല; ഹൈക്കോടതിയില്‍ കേന്ദ്രത്തിന്റെ ഒളിച്ചുകളി തുടരുന്നു

വയനാട് പുനരധിവാസത്തിൽ ഒളിച്ചുകളി തുടർന്ന് കേന്ദ്രം. സഹായം വൈകുന്നതിൽ കേന്ദ്ര സർക്കാരിനോട് വിശദീകരണം തേടിയ ഹൈക്കോടതിക്ക് പ്രത്യേക പാക്കേജ് അനുവദിക്കുന്നത് പരിഗണനയിലുണ്ടെന്ന് മാത്രമായിരുന്നു മറുപടി. മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളെ വീണ്ടെടുക്കേണ്ടതുണ്ടെന്നും ദുരിതബാധിതർക്കായി എന്തെങ്കിലും ചെയ്യേണ്ടതല്ലേയെന്നും ഒക്ടോബർ പത്തിന് ദുരന്തവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് പരിഗണിച്ച ഹൈക്കോടതി ചോദിച്ചിരുന്നു. 18നകം വ്യക്തമായ മറുപടി നൽകണമെന്നും ആവശ്യപ്പെട്ടിരുന്നു. അതിനൊന്നും നിൽക്കാതെ കേന്ദ്ര ദുരന്ത നിവാരണ നിധിയിൽ നിന്ന് ധനകമ്മിഷൻ നിർദേശ പ്രകാരം അർഹതപ്പെട്ട വിഹിതം അനുവദിച്ചതിന്റെ കണക്ക് നിരത്തുകയാണ് ചെയ്തത്. ഈ സാമ്പത്തിക വർഷം കേരളത്തിന് 782 കോടി രൂപ അനുവദിച്ചെന്നായിരുന്നു കേന്ദ്രം അറിയിച്ചത്. കേസ് അടുത്ത വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും. 

വയനാട് പുനരധിവാസത്തിൽ കേന്ദ്ര സഹായം വേണമെന്നും പ്രത്യേക സഹായമൊന്നും ലഭിച്ചിട്ടില്ലെന്നും സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. അതേസമയം 2024 ‑25 സാമ്പത്തിക വർഷത്തിൽ രണ്ട് തവണയായി 388 കോടി രൂപ അനുവദിച്ചെന്നും കഴിഞ്ഞ വർഷത്തെ ഫണ്ട് കൂടി ചേർത്ത് 700 കോടിക്ക് മുകളിൽ നൽകിയെന്നുമായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ വാദം. ഇത് വാർഷിക ദുരിതാശ്വാസ സഹായമാണെന്ന് കേരളം ചൂണ്ടിക്കാട്ടി. ഈ തുക ഏതൊക്കെ പദ്ധതികളിലായി, എവിടെയൊക്കെ ചെലവഴിച്ചു എന്ന് അറിയിക്കാൻ സംസ്ഥാന സർക്കാരിന് കോടതി നിർദേശം നൽകി. ദേശീയ ദുരന്തനിവാരണ നിധിയിൽ നിന്നും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും ഫണ്ട് എപ്പോൾ നൽകാൻ കഴിയും എന്നതുൾപ്പെടെ അറിയിക്കാനായിരുന്നു കോടതിയുടെ നിർദേശം. എന്നാൽ ഫണ്ട് അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്നും പ്രത്യേക ധനസഹായം നൽകുന്നതിൽ അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ലെന്നും കേന്ദ്രം മറുപടി നൽകി. മൂന്ന് മന്ത്രാലയങ്ങൾ ഉൾപ്പെടുന്ന ഹൈ പവർ കമ്മിറ്റി ധനസഹായത്തെക്കുറിച്ച് പരിശോധിച്ചുവരികയാണെന്നും അറിയിച്ചു. 

അതേസമയം തെലങ്കാന, തമിഴ്‌നാട്, കർണാടക പോലുള്ള സംസ്ഥാനങ്ങൾക്ക് ഇത്തരം പരിശോധനകൾക്കു മുമ്പുതന്നെ ധന സഹായം നൽകിയെന്ന് അമിക്കസ് ക്യൂറി ചൂണ്ടിക്കാട്ടി. ദേശീയ ദുരന്ത നിവാരണ അതോറിട്ടിയുടെ ധന സഹായം ലഭിക്കാൻ കോടതി ഇടപെടണമെന്നും ആവശ്യപ്പെട്ടു. വയനാട് ദുരന്തത്തിനു ശേഷം 1202 കോടി രൂപയുടെ പാക്കേജാണ് ആവശ്യപ്പെട്ടതെന്നും ഇതുവരെ കേന്ദ്രസർക്കാർ ഇക്കാര്യത്തിൽ അനുകൂല സമീപനം സ്വീകരിച്ചിട്ടില്ലെന്നും സംസ്ഥാന സർക്കാരിനു വേണ്ടി അഡ്വക്കേറ്റ് ജനറൽ ചൂണ്ടിക്കാട്ടി. വയനാട് ദുരന്തത്തിൽ മരിച്ചവരും സ്ഥലം നഷ്ടപ്പെട്ടവരുമായ ഇരകളെല്ലാം കർഷകരാണെന്ന കാര്യം വിസ്മരിക്കാനാവില്ലെന്ന് ജസ്റ്റിസ് ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് ശ്യാം കുമാർ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. വയനാട്ടിൽ ബാങ്ക് വായ്പയുടെ കാര്യത്തിൽ കേന്ദ്രം സർക്കുലർ ഇറക്കിയാൽ നന്നാവുമെന്നും കോടതി നിർദേശിച്ചു.

Exit mobile version