വയനാട് ദുരന്ത ഭൂമിയിൽ യാതന അനുഭവിക്കുന്നവരെയും കിടപ്പാടം നഷ്ടപ്പെട്ടവർക്കും സാന്ത്വനമേകാൻ “ചുരം” നിറയെ വര്‍ണങ്ങള്‍ നിറഞ്ഞു. ജില്ലാ ഭരണ സംവിധാനവുമായി സഹകരിച്ച് ബ്രഷ് റൈറ്റിംഗ് ആര്‍ട്ടിസ്റ്റ്സ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍, ലിങ്ക് ഗ്രൂപ്പ്‌ലയണ്‍സ് ക്ലബ് ഓഫ് ചന്ദ്രഗിരി എന്നിവയുടെ പിന്തുണയോടെയാണ് ഏകദിന ചിത്രകലാ ക്യാമ്പ് ‘ചുരം’ വിദ്യാനഗര്‍ അസാപ്പ് സ്‌കില്‍ പാര്‍ക്കില്‍ സംഘടിപ്പിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വയനാട്ടിലെ ദുരിതബാധിതര്‍ക്ക് കൈത്താങ്ങാകാനുള്ള ജില്ലയിലെ ചിത്രകാരന്മാരുടെ പ്രവര്‍ത്തനം പ്രശംസനീയമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
ജില്ലാ കളക്ടര്‍ കെ ഇമ്പശേഖര്‍ മുഖ്യാതിഥിയായി, ആദ്യ വില്‍പന നടത്തി. കാസര്‍കോട് ജില്ലയിലെ സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ള ആളുകള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായങ്ങള്‍ നല്‍കി വരികയാണെന്നും തെയ്യം കലാകാരന്‍മാര്‍, ഓട്ടോ തൊഴിലാളികള്‍, കലാകാരന്‍മാര്‍ തുടങ്ങി വിവിധ മേഖലകളിലുള്ളവരാണ് ദുരിതാശ്വാസ നിധിയിലേക്കുള്ള സഹായം തന്നെ ഏല്‍പ്പിക്കാനെത്തുന്നതെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. ചടങ്ങില്‍ ലിങ്ക് ഗ്രൂപ്പ് ഡയറക്ടര്‍ ഹരീഷ് കുമാര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20,000 രൂപ ജില്ലാ കളകടര്‍ക്ക് കൈമാറി. ലയണ്‍സ് ക്ലബ് ഓഫ് ചന്ദ്രഗിരി പ്രസിഡന്റ് സി എല്‍ അബ്ദുല്‍ റഷീദ് അധ്യക്ഷത വഹിച്ചു. സന്തോഷ് പള്ളിക്കര വരച്ച പി ബേബി ബാലകൃഷ്ണന്റേയും ജില്ലാ കളക്ടര്‍ കെ ഇമ്പശേഖറിന്റേയും ഛായാചിത്രം ചടങ്ങില്‍ സമ്മാനിച്ചു. 35 കലാകാരന്മാര്‍ ക്യാമ്പില്‍ പങ്കെടുത്തു. ക്യാമ്പിൽ വരച്ച ചിത്രങ്ങൾ വിറ്റു കിട്ടുന്ന മുഴുവൻ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും. ലയൺസ് ക്ലബ് ഓഫ് ചന്ദ്രഗിരി അഡീഷണൽ സെക്രട്ടറി എം എം നൗഷാദ് ചിത്രം ഏറ്റുവാങ്ങി. ആര്‍ട്ടിസ്റ്റ് പ്രകാശന്‍ പുത്തൂര്‍ വിശിഷ്ടാതിഥിയായി. ഡിടിപിസി സെക്രട്ടറി ലിജോ ജോസഫ്, ജലീല്‍ മുഹമ്മദ്, മഹമ്മൂദ് ഇബ്രാഹിം, ഷാഫി നെല്ലിക്കുന്ന്, ഷെരീഫ് കാപ്പില്‍, ബാലന്‍ സൗത്ത് എന്നിവര്‍ സംസാരിച്ചു. ആര്‍ട്ടിസ്റ്റ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി വിനോദ് ശില്പി സ്വാഗതവും പ്രസിഡന്റ് നാരായണന്‍ രേഖിത നന്ദിയും പറഞ്ഞു.