പൊതുമേഖലാ കമ്പനികൾ മാതൃകാപരമായും കാലോചിതമായും മുമ്പോട്ടു കൊണ്ടുപോയാൽ അവയുടെ വളർച്ച ഉറപ്പുവരുത്താനും നാടിന്റെ പുരോഗതിക്ക് ആക്കം കൂട്ടാനും കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ (സിയാൽ) ബിസിനസ് ജെറ്റ് ടെർമിനൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ വ്യാവസായിക മുന്നേറ്റത്തിന് ഏറെ പ്രാധാന്യമുള്ള ഒന്നാണ് ഗതാഗത സംവിധാനങ്ങളുടെ നവീകരണം. റോഡുകൾ, റയിൽ ഗതാഗതം, ജലഗതാഗതം, വ്യോമ ഗതാഗതം തുടങ്ങി എല്ലാ മേഖലകളിലും സമാന്തരമായ വികസനം നടപ്പാക്കാൻ കഴിഞ്ഞാൽ മാത്രമേ നാം വിഭാവനം ചെയ്യുന്ന തരത്തിലുള്ള വ്യാവസായിക മുന്നേറ്റം സാധ്യമാവുകയുള്ളൂ. ഇതിനുതകുന്ന വിധമുള്ള പദ്ധതികൾ ഈ നാലു മേഖലകളിലും ആവിഷ്ക്കരിച്ച് മുന്നോട്ടു പോവുകയാണ് സംസ്ഥാന സർക്കാരെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
വ്യവസായ മന്ത്രിയും സിയാൽ ഡയറക്ടറുമായ പി രാജീവ് അധ്യക്ഷത വഹിച്ചു. സിയാൽ മാനേജിങ് ഡയറക്ടർ എസ് സുഹാസ് സ്വാഗതവും സിയാൽ ഡയറക്ടർ എം എ യൂസഫലി ആമുഖ പ്രഭാഷണവും നടത്തി. മന്ത്രിയും സിയാൽ ഡയറക്ടറുമായ അഡ്വ. കെ രാജൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എന്നിവർ ചടങ്ങിൽ വിശിഷ്ടാതിഥികളായി.
40,000 ചതുരശ്രയടി വിസ്തീർണത്തിൽ അത്യാധുനിക സൗകര്യങ്ങളോടുകൂടിയാണ് രാജ്യത്തെ ഏറ്റവും വലിയ ബിസിനസ് ജെറ്റ് ടെർമിനല്‍ കൊച്ചിയില്‍ സജ്ജീകരിച്ചിരിക്കുന്നത്. ചാർട്ടർ ഗേറ്റ് വേ എന്ന ആശയം സാക്ഷാത്ക്കരിക്കപ്പെടുന്നതോടെ, ബിസിനസ് കോൺഫറൻസുകൾ, അനുബന്ധ വിനോദ സഞ്ചാരം എന്നിവ ഏകോപിപ്പിക്കാനും കുറഞ്ഞ ചെലവിൽ ചാർട്ടർ വിമാനങ്ങളെ എത്തിക്കാനും സിയാലിന് കഴിയും. സ്വകാര്യ കാർ പാർക്കിങ്,ഡ്രൈവ് ഇൻ പോർച്ച്, വിശാലമായ ലോബി, സൗകര്യസമൃദ്ധമായ അഞ്ച് ലൗഞ്ചുകൾ, ചെക്ക്ഇൻ, ഇമിഗ്രേഷൻ, കസ്റ്റംസ്, ഹെൽത്ത്, സെക്യൂരിറ്റി സംവിധാനങ്ങൾ, ഡ്യൂട്ടി ഫ്രീ ഷോപ്പ്, വിദേശ നാണയ വിനിമയ കൗണ്ടർ തുടങ്ങിയവയും ബിസിനസ് ജെറ്റ് ടെർമിനലിൽ ഒരുക്കിയിട്ടുണ്ട്.
English Summary: CIALs business jet terminal dedicated to Kerala
You may also like this video