Site iconSite icon Janayugom Online

സിനിമാ ടൂറിസത്തിന് തുടക്കമാകുന്നു; കിരീടം പാലം പദ്ധതിക്ക് 1.22 കോടിയുടെ ഭരണാനുമതി

kireedamkireedam

സംസ്ഥാനത്ത് സിനിമാ ടൂറിസം പദ്ധതി ആരംഭിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം വെള്ളായണി കിരീടം പാലത്തിന് 1,22,50,000 രൂപയുടെ ഭരണാനുമതി നൽകി. സിനിമാ ടൂറിസത്തിന് അനുസൃതമായി പാലത്തെ ആകർഷകമായ ടൂറിസം ഉല്പന്നമാക്കി മാറ്റുന്ന ‘സിനി ടൂറിസം പ്രോജക്ട്- കിരീടം പാലം അറ്റ് വെള്ളായണി’ എന്ന പേരിലുള്ള പദ്ധതിയാണ് നടപ്പിലാക്കുന്നത്. 18 മാസം കൊണ്ട് പദ്ധതി പൂർത്തിയാക്കാനാണ് നിർദേശം. 

1989ൽ പുറത്തിറങ്ങിയ കിരീടം സിനിമയിൽ തിരുവനന്തപുരത്തെ വെള്ളായണി പാലം ഒരു ലൊക്കേഷനാണ്. സിനിമ അതിപ്രശസ്തമായതോടെ ഈ പാലവും പ്രശസ്തി നേടി. ഈ സിനിമ പുറത്തിറങ്ങി മൂന്നര പതിറ്റാണ്ടാകുമ്പോഴും നിരവധി ആരാധകരും വിനോദസഞ്ചാരികളും പാലം കാണാൻ വെള്ളായണിയിൽ എത്തുന്നുണ്ട്. ഈ പ്രശസ്തി മുൻനിർത്തിയാണ് ടൂറിസം വകുപ്പിന്റെ അനുഭവവേദ്യ ടൂറിസം എന്ന ആശയത്തിന്റെ അടിസ്ഥാനത്തിൽ വെള്ളായണി പാലം സിനിമാ ടൂറിസം പദ്ധതിയുടെ ഭാഗമാക്കുന്നത്. 

പ്രശസ്ത സിനിമകൾ ചിത്രീകരിച്ച സ്ഥലങ്ങളെ അവയുടെ ഓർമ്മകളിൽ നിലനിർത്തിക്കൊണ്ട് വിനോദസഞ്ചാരികളെ ആകർഷിക്കുന്ന പദ്ധതിയായ സിനിമാ ടൂറിസത്തിന്റെ ഭാഗമായി അനുമതി ലഭിക്കുന്ന ആദ്യ സ്ഥലമാണ് വെള്ളായണി കിരീടം പാലം. മണിരത്നത്തിന്റെ ബോംബെ സിനിമയിലെ അതിപ്രശസ്തമായ ‘ഉയിരേ’ എന്ന ഗാനം ചിത്രീകരിച്ച കാസർകോട്ടെ ബേക്കൽ കോട്ടയാണ് പദ്ധതിക്കായി തെരഞ്ഞെടുത്തിട്ടുള്ള മറ്റൊരു സ്ഥലം. ഇതിന്റെ ഭാഗമായി മണിരത്നവുമായി ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് കൂടിക്കാഴ്ച നടത്തിയിരുന്നു. പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ച മണിരത്നം ബേക്കലിൽ സംഘടിപ്പിക്കുന്ന സിനിമാ ടൂറിസം പരിപാടിയിൽ പങ്കെടുക്കാമെന്നും സമ്മതിച്ചിട്ടുണ്ട്. 

Eng­lish Sum­ma­ry: Cin­e­ma tourism begins

You may like this video

Exit mobile version