വിവാഹമോചിതയായ ഭാര്യയെയും കാമുകനെയും കൊലപ്പെടുത്താൻ ഏര്‍പ്പെടുത്തിയ ക്വട്ടേഷൻ സംഘം മകനെ കൊലപ്പെടുത്തി. വിനായക് സാഹു (23) ആണ് മരിച്ചത്. മുൻകൂർ പണം നൽകുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കത്തെത്തുടർന്നാണ് വിനായകിനെ കൊലപ്പെടുത്തിയതെന്നാണ് വിവരം. പിതാവ് അഞ്ജനി സാഹു പരാതി നൽകിയതിനെതുടര്‍ന്ന് പൊലീസ് നാല് പ്രതികളെ അറസ്റ്റ് ചെയ്യുകയും കൊലപാതക ആയുധം കണ്ടെടുക്കുകയും ചെയ്തു.
വിനായകിന്റെ അമ്മ ശാന്തി, അവരുടെ രണ്ടാമത്തെ ഭർത്താവ് ഇമ്രാന്‍ എന്നിവരെ കൊലപ്പെടുത്താനാണ് കൊലയാളിയെ ഏര്‍പ്പെടുത്തിയതെന്ന് ചോദ്യം ചെയ്യലിൽ അഞ്ജനി കുമാര്‍ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ക്വട്ടേഷൻ സംഘം 1.5 ലക്ഷം രൂപ മുൻകൂർ ആവശ്യപ്പെട്ടപ്പോള്‍ വിനായക് വിസമ്മതിക്കുകയായിരുന്നു. ഇത് വഴക്കിലേക്ക് നയിച്ചു. മദ്യലഹരിയിലുള്ള പ്രതികൾ വിനായകിന്റെ കഴുത്തിൽ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. വിശദമായ അന്വേഷണത്തിനായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്.

