ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ അഭിപ്രായങ്ങൾ തേടിയും വികസന ചർച്ചകളിൽ പങ്കാളികളാക്കിയും അവരെ നയരൂപീകരണത്തിന്റെ അവിഭാജ്യ ഘടകമാക്കാനുദ്ദേശിച്ചുള്ള സംസ്ഥാന സർക്കാരിന്റെ ‘നവകേരളം സിറ്റിസൺ റെസ്പോൺസ് പ്രോഗ്രാം’ വികസന ക്ഷേമ പഠന പരിപാടി നാളെ ആരംഭിക്കും.
വികസിത രാജ്യങ്ങളിലെ മധ്യവരുമാന വിഭാഗങ്ങളുടെ ജീവിതനിലവാരത്തിലേക്ക് കേരള ജനതയെ ഉയർത്തുക എന്ന ലക്ഷ്യത്തോടെ, നവകേരള സൃഷ്ടിക്കായുള്ള അഭിപ്രായ നിർദേശ രൂപീകരണമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ജനങ്ങളിൽനിന്ന് വികസന നിർദേശങ്ങളും ക്ഷേമപദ്ധതികൾ സംബന്ധിച്ച അഭിപ്രായങ്ങളും ആശയങ്ങളും ലഭ്യമാക്കാനും, പ്രാദേശികമായ വികസന ആവശ്യങ്ങൾ മനസിലാക്കി ആസൂത്രണം നടത്താനും, അഭിപ്രായങ്ങൾ സമാഹരിക്കാനുമാണ് 31 വരെ നടക്കുന്ന ഗൃഹസന്ദർശന പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.
നവകേരളമെന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനായി ആശയങ്ങളും അഭിപ്രായങ്ങളും നിർദേശങ്ങളും സമാഹരിക്കുക, നിലവിലെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനുള്ള അഭിപ്രായങ്ങൾ തേടുക, വികസന‑ക്ഷേമ പദ്ധതികൾ എല്ലാ പ്രദേശങ്ങളിലും ആവശ്യാനുസരണം എത്തിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക, പുതിയ തൊഴിലവസരങ്ങൾ, വികസന പദ്ധതികൾ എന്നിവയിൽ ജനകീയ അഭിപ്രായം രൂപീകരിക്കുക തുടങ്ങിയവയെല്ലാം ഇതിന്റെ ഭാഗമാണ്.
പരിപാടിയിൽ അംഗങ്ങളാകാൻ സന്നദ്ധത അറിയിച്ചിട്ടുള്ള 85,000 സന്നദ്ധപ്രവർത്തകരാണ് ഗൃഹസന്ദർശനം നടത്തുക. ഓരോ പഞ്ചായത്ത്, മുൻസിപ്പാലിറ്റി, കോർപറേഷൻ വാർഡുകളിലും രണ്ടുപേരടങ്ങുന്ന ടീമുകളാണ് പഠന പ്രവർത്തനം നടത്തുന്നത്. സംസ്ഥാനത്തെ എല്ലാ വീടുകളും സന്ദർശിക്കാനാണ് ലക്ഷ്യമിടുന്നത്. ശേഖരിക്കുന്ന വിവരങ്ങളും നിർദേശങ്ങളും മൊബൈൽ ആപ്പ് വഴി രേഖപ്പെടുത്തും. നേരിട്ട് അഭിപ്രായം അറിയിക്കാൻ ആഗ്രഹിക്കുന്നവർക്ക് പോർട്ടൽ വഴി അതിനുള്ള സൗകര്യം ഒരുക്കും.

