Site iconSite icon Janayugom Online

പൗരത്വ ഭേദഗതി നിയമത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടും: ബിനോയ് വിശ്വം

binoy viswambinoy viswam

പൗരത്വ ഭേദഗതി നിയമത്തെ രാഷ്ട്രീയമായും നിയമപരമായും ചെറുക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സുപ്രീം കോടതിയില്‍ ഇതിനെതിരെയുള്ള കേസില്‍ സിപിഐ കക്ഷി ചേരുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 

പൗരത്വ നിയമ ഭേദഗതിയാണ് ഇന്ത്യ നേരിടാന്‍ പോകുന്ന ഏറ്റവും വലിയ വെല്ലുവിളി. രാജ്യത്തിന്റെ മതേതര മൂല്യങ്ങളെ വലുതായി കാണുന്നവര്‍ക്കെല്ലാം പൊറുക്കാനാകാത്ത തെറ്റാണ് ബിജെപി സര്‍ക്കാര്‍ അടിച്ചേല്പിക്കാന്‍ ശ്രമിക്കുന്നത്. ഈ നീക്കം ഹിന്ദുരാഷ്ട്ര നിര്‍മ്മിതിയിലേക്കുള്ള വളരെ ആപല്‍ക്കരമായ ചുവടുവയ്പാണ്. ഇതുവരെ ഹിഡന്‍ അജണ്ടയായി മൂടിവച്ച കാര്യം എല്ലാമറയും മാറ്റി ബിജെപി പുറത്തേക്കെടുത്തിരിക്കുകയാണ്. ഇതൊരു വലിയ വെല്ലുവിളിയാണ്.
അവര്‍ ലക്ഷ്യമിടുന്നത് പൗരത്വത്തിന്റെ അടിസ്ഥാനം മതമാണ് എന്ന് വരുത്തിത്തീര്‍ക്കലാണ്. ഒരിക്കലും ആ നിലപാട് അംഗീകരിക്കാനാകില്ല. ഇന്ത്യയിലെ പൗരത്വത്തിന്റെ അടിസ്ഥാനമായി ഒരിക്കലും മതം മാറിക്കൂടാ. അങ്ങനെ മാറിയാല്‍ മതേതരരാഷ്ട്രം എന്ന ഇന്ത്യയുടെ അസ്തിത്വം അപകടത്തിലാകും. നിയമം ഒരു കാരണവശാലും കേരളത്തില്‍ നടപ്പിലാക്കില്ലെന്ന് ഇടതുപക്ഷം പ്രഖ്യാപിച്ചത് ഈ നിലപാടിന്റെ ഭാഗമായാണ്.

പൗരത്വ നിയമ ഭേദഗതി സവര്‍ക്കര്‍, ഗോള്‍വാള്‍ക്കര്‍ മൂശയില്‍ വാര്‍ത്ത ഹിന്ദുത്വ‑ഫാസിസ്റ്റ് ആക്രമണത്തിന്റെ ഭാഗമാണ്. രാഷ്ട്രത്തിന്റെ മതം എന്ന ഒന്നുണ്ടെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുകയാണ് ബിജെപി. അങ്ങനെ സ്ഥാപിച്ചാല്‍ ആ നിമിഷം ഇന്ത്യയിലെ വൈവിധ്യങ്ങളെല്ലാം കെട്ടുപോകും. നാനാത്വങ്ങള്‍ ഇല്ലാതാകും. ഇന്ത്യയുടെ ഐക്യവും ഭാവിയും ഇരുട്ടിലാണ്ടുപോകും. ആ ആപത്ത് കണ്ടുകൊണ്ടുവേണം ഈ നിയമത്തെ സമീപിക്കേണ്ടതെന്നും ബിനോയ് വിശ്വം പറഞ്ഞു. 

Eng­lish Sum­ma­ry: Cit­i­zen­ship Amend­ment Act will be faced polit­i­cal­ly and legal­ly: Binoy Vishwam

You may also like this video

Exit mobile version