പെെപ്പ് ലെെൻ വഴി കുറഞ്ഞ ചെലവിൽ പ്രകൃതി വാതകം ലഭ്യമാകുന്ന സിറ്റിഗ്യാസ് പദ്ധതി ഓണത്തിന് മുന്നേ കമ്മീഷൻ ചെയ്യും. ആദ്യഘട്ടം ഉണ്ണികുളം പഞ്ചായത്തിലെ ഒന്നാം വാർഡിലെ 25 വീടുകളിലാണ് ഗ്യാസ് എത്തുന്നത്. തുടർന്ന് ഓണത്തിന് ശേഷം നാന്നൂറ് വീടുകളിലേക്ക് പ്രകൃതി വാതകം എത്തും. നിലവിൽ വീടുകളിലേക്കുള്ള പ്ലംബിങ്ങ് പ്രവൃത്തി മാത്രമാണ് ബാക്കിയുള്ളതെന്നും അത് ഉടൻ പൂർത്തിയാകുമെന്നും ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് ആധികൃതർ പറഞ്ഞു.
ഉണ്ണികുളം മുതൽ കുന്നമംഗലം വരെ 23.4 കിലോമീറ്ററിൽ പൈപ്പ് ലൈൻ കമ്മീഷൻ ചെയ്തു വാതകം എത്തിയിട്ടുണ്ട്. വൈകാതെ ഈ ഭാഗത്തും വിതരണം തുടങ്ങും. 400 വീടുകളിലേക്ക് കണക്ഷൻ നൽകാൻ ഉണ്ണികുളത്ത് 14 കിലോമീറ്ററിൽ പൈപ്പ് ലൈൻ സ്ഥാപിച്ചിട്ടുണ്ട്. പനങ്ങാട് ഉൾപ്പെടെയുള്ള സമീപ പഞ്ചായത്തുകളിൽ ആറ് മാസത്തിനകം പ്രകൃതിവാതകം എത്തും. കോഴിക്കോട് നഗരത്തിൽ 14.6 കിലോമീറ്ററിൽ പൈപ്പ് ലൈൻ സ്ഥാപിച്ചിട്ടുണ്ട്. കണ്ണൂർ റോഡ്, നല്ലളം, ബേപ്പൂർ എന്നിവിടങ്ങളിലാണ് പൈപ്പ് ഇട്ടത്. ദേശീയപാത അതോറിറ്റിയുടെയും ദേശീയപാത വിഭാഗത്തിലെയും അനുമതികൾ വൈകുന്നതിനാൽ കുന്നമംഗലം മുതൽ വെള്ളിമാടുകുന്നു വരെ പൈപ്പ് ലൈൻ പ്രവർത്തി തുടങ്ങാൻ കഴിഞ്ഞിട്ടില്ല. അതേസമയം വാഹനങ്ങൾക്ക് സിഎൻജി ഇന്ധനം നിറയ്ക്കാനുള്ള 12 സ്റ്റേഷനുകളും ജില്ലയിൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. എസ്റ്റേറ്റ് മുക്കിലെ മദർ സ്റ്റേഷൻ ട്രക്കുകളിൽ സിലിണ്ടറുകളിൽ ഇന്ധനം നിറയ്ക്കുന്നതിനുള്ള ഫില്ലിംഗ് സ്റ്റേഷനായും പ്രവർത്തിക്കുന്നുണ്ട്. മദർ സ്റ്റേഷനിലേക്ക് പൈപ് ലെെൻ വഴിയാണ് നേരിട്ട് പ്രകൃതിവാതകം എത്തുന്നത്. മറ്റിടങ്ങളിലേക്ക് ഉണ്ണികുളത്ത് നിന്ന് വാഹനത്തിൽ എത്തിക്കുകയാണ്. നേരത്തെ എറണാകുളത്തുനിന്ന് ആയിരുന്നു ജില്ലയിലെ പമ്പുകളിലേക്ക് സിഎൻജി എത്തിച്ചിരുന്നത്. ഇത് പലപ്പോഴും ഇന്ധനക്ഷാമത്തിന് ഇടയാക്കിയിരുന്നു. എസ്റ്റേറ്റ് മുക്കിൽ സംവിധാനം ആയതോടെ പ്രശ്നം പൂർണമായി പരിഹരിക്കപ്പെട്ടു. മാവൂർ റോഡ് മുതൽ മെഡിക്കൽ കോളേജ് വരെയുള്ള ഭാഗത്ത് സ്റ്റീൽ പൈപ്പ് ലൈൻ കണക്ഷൻ പ്രവർത്തി സെപ്റ്റംബർ ഒന്നു മുതൽ ആരംഭിക്കുമെന്നും അദാനി ഗ്യാസ് അധികൃതർ വ്യക്തമാക്കി.
വീട് നമ്പറിനൊപ്പം ആധാർ കാർഡോ ഫോട്ടോ പതിച്ച ഐഡി കാർഡോ ഉള്ളവർക്ക് വീടുകളിലേക്ക് പ്രകൃതി വാതക കണക്ഷൻ എടുക്കാവുന്നതാണ്. രണ്ട് മാസത്തിലൊരിക്കൽ നടത്തുന്ന മീറ്റർ റീഡിംഗിന്റെ അടിസ്ഥാനത്തിലായിരിക്കും ബില്ല് നൽകുക. വീടുകളിൽ പാചകത്തിന് പൈപ്പുകളിൽ എത്തുന്ന പ്രകൃതി വാതകം ഉപയോഗിക്കുന്നത് ഏറെ സുരക്ഷിതമാണെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
English Summary: City gas will be reached in 25 districts
You may like this video also