Site iconSite icon Janayugom Online

സിവിൽ സർവീസ് ആദ്യഘട്ട പരീക്ഷ; കേരളത്തിൽ 61 കേന്ദ്രങ്ങളിൽ 23,666 വിദ്യാർത്ഥികളെഴുതും

വിവിധ കേന്ദ്രസർക്കാർ സർവീസുകളിലേക്ക് തെരഞ്ഞെടുക്കുന്നതിന് യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ നടത്തുന്ന 2024ലെ സിവിൽ സർവീസ് പരീക്ഷയുടെ ആദ്യഘട്ടം 16 ന് നടക്കും. രാവിലെ 9.30 മുതൽ 11.30 വരെയും 2.30 മുതൽ 4.30 വരെയുമുള്ള രണ്ടു സെഷനുകളായാണ് പരീക്ഷ. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിൽ 61 കേന്ദ്രങ്ങളിലായി ഏകദേശം 23,666 പേരാണ് പരീക്ഷ എഴുതുന്നത്. പൊതുഗതാഗത സൗകര്യങ്ങൾ കൂടുതൽ ലഭ്യമാക്കാൻ കെഎസ്ആർടിസിയോട് നിർദേശിച്ചിട്ടുണ്ട്.

പരീക്ഷ തുടങ്ങുന്നതിന് അരമണിക്കൂർ മുമ്പ് പരീക്ഷാ കേന്ദ്രങ്ങളിൽ പ്രവേശിക്കണം. രാവിലെയുള്ള പരീക്ഷയ്ക്ക് ഒമ്പത് മണിക്കും ഉച്ചയ്ക്ക് ശേഷമുള്ള പരീക്ഷയ്ക്ക് രണ്ട് മണിക്ക് മുമ്പും പരീക്ഷാ ഹാളിൽ പ്രവേശിക്കണം. ഇ‑അഡ്മിറ്റ് കാർഡിൽ (ഹാൾടിക്കറ്റ്) അനുവദിച്ചിരിക്കുന്ന കേന്ദ്രത്തിൽ മാത്രമെ പരീക്ഷ എഴുതാൻ അനുവദിക്കൂ. ഡൗൺലോഡ് ചെയ്ത ഇ‑അഡ്മിറ്റ് കാർഡിനൊപ്പം പാസ്പോർട്ട് സൈസ് ഫോട്ടോയും ഇ‑അഡ്മിറ്റ് കാർഡിൽ പരാമർശിക്കുന്ന ഒറിജിനൽ ഐഡന്റിറ്റി കാർഡും കൈയ്യിൽ കരുതണം. ആവശ്യപ്പെടുമ്പോൾ അത് ഇൻവിജിലേറ്ററെ കാണിക്കണം.

കറുത്ത ബോൾപോയിന്റ് പേന കൊണ്ടു മാത്രമെ ഉത്തരസൂചിക പൂരിപ്പിക്കാവൂ. ബാഗുകൾ, മൊബൈൽഫോണുകൾ, കാമറകൾ, ഇലക്ട്രോണിക് വാച്ചുകൾ മറ്റ് ഏതെങ്കിലും തരത്തിലുള്ള ഇലക്ട്രോണിക് ബ്ലൂടൂത്ത് , ഐടി ഉപകരണങ്ങൾ പരീക്ഷാഹാളിലോ, പരീക്ഷാ കേന്ദ്രത്തിലോ അനുവദിക്കില്ല. പരീക്ഷാസമയം തീരുന്നതുവരെ ഒരു പരീക്ഷാർത്ഥിയേയും പുറത്തു പോകാൻ അനുവദിക്കില്ല.

Exit mobile version